KeralaNEWS

ശാന്തൻപാറയിൽ സിപിഎം ഏരിയ കമ്മറ്റി ഓഫീസ് നിർമ്മിക്കുന്നത് ഭൂപതിവ് ചട്ടം ലംഘിച്ചെന്ന് ആരോപണം; സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നിർമ്മാണം

ഇടുക്കി: ശാന്തൻപാറയിൽ സിപിഎം ഏരിയ കമ്മറ്റി ഓഫീസ് നിർമ്മിക്കുന്നത് ഭൂപതിവ് ചട്ടം ലംഘിച്ചെന്ന് ആരോപണം. ദേവികുളം താലൂക്കിലെ ശാന്തൻപാറയടക്കം എട്ട് വില്ലേജുകളിൽ എൻഒസി ഇല്ലാതെ കെട്ടിട നിർമ്മാണം പാടില്ലെന്നാണ് ചട്ടം. എന്നാൽ റവന്യു വകുപ്പിന്റെ എൻ ഒ സി ഇല്ലാതെയാണ് ശാന്തൻപാറയിൽ സിപിഎം ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണം നടക്കുന്നത്. നിലവിൽ പ്രദേശത്ത് വാണിജ്യാവശ്യത്തിന് കെട്ടിടം പണിയുന്നതിന് റവന്യൂ വകുപ്പ് നിലവിൽ അനുമതി നൽകുന്നില്ല. വീട് നിർമ്മാണത്തിന് മാത്രമാണ് അനുമതി നൽകുന്നതെന്നിരിക്കെയാണ് അനധികൃതമായ നിർമ്മാണ പ്രവർത്തി നടക്കുന്നത്.

കഴിഞ്ഞ നവംബർ 25 ന് ചട്ടലംഘനം നടത്തിയുളള നിർമ്മാണമെന്ന് കണ്ട് കെട്ടിട നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. തുടർ നടപടികൾക്കായി ഉടുമ്പൻചോല തഹസിൽദാർക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ റിപ്പോർട്ടും നൽകി. എന്നാൽ ഇത് അവഗണിച്ച സിപിഎം, നിർമ്മാണ പ്രവർത്തനവുമായി മുന്നോട്ട് പോകുകയായിരുന്നു. നേരത്തെ ഇതേ സ്ഥലത്തുണ്ടായിരുന്ന ഒരു നില കെട്ടിടം പൊളിച്ച് മാറ്റിയാണ് മൂന്ന് നില കെട്ടിടം പണിയുന്നത്. എന്നാൽ നേരത്തെയുണ്ടായിരുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയെന്ന നിലയിലാണ് പുതിയ കെട്ടിട നിർമ്മാണത്തെ സിപിഎം അവതരിപ്പിക്കുന്നത്.

Back to top button
error: