NEWSSports

ആരാധകരെ നിരാശപ്പെടുത്തി വീണ്ടും കേരള ബ്ലാസ്റ്റേഴ്സ്

കൊൽക്കത്ത:ഡ്യൂറൻഡ് കപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ബംഗളൂരു എഫ്സിയോട് 2-2 സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് പുറത്തേക്കുള്ള വഴിയില്‍.
ആദ്യ മത്സരത്തിൽ ഗോകുലം കേരളയോട് തോറ്റ ബ്ലാസ്റ്റേഴ്സിന് ജയിച്ചാല്‍ ക്വാര്‍ട്ടര്‍ ബെര്‍ത്ത് സജീവമാക്കി നിലനിര്‍ത്താമെന്നിരിക്കെ സമനിലയിൽ മത്സരം അവസാനിക്കുകയായിരുന്നു.

നൈജീരിയൻ സ്ട്രൈക്കര്‍ ജെസ്റ്റിൻ എമ്മാനുവലിന്‍റെ ഗോളില്‍ 14-ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് സ്വന്തമാക്കി. എന്നാല്‍, 38-ാം മിനിറ്റില്‍ എഡ്മണ്ട് ലാല്‍റിൻഡികയിലൂടെ ബംഗളൂരു 1-1ന് ആദ്യ പകുതി അവസാനിപ്പിച്ചു.

ആക്രമിച്ച്‌ കയറിയ ബംഗളൂരു ചുണക്കുട്ടികള്‍ 51-ാം മിനിറ്റില്‍ ലീഡ് സ്വന്തമാക്കി. ആശിഷ് ഛായുടെ വകയായിരുന്നു ബംഗളൂരുവിന്‍റെ രണ്ടാം ഗോള്‍. പകരക്കാരനായെത്തിയ മുഹമ്മദ് എയ്മന്‍റെ (84′) വകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്‍റെ സമനില ഗോള്‍. എന്നാല്‍, 85-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ റൂയിവ ഹോര്‍മിപാം മൈതാനം വിട്ടതോടെ കേരള ബ്ലാസ്റ്റേഴ്സ് 10 പേരുമായാണ് മത്സരം അവസാനിപ്പിച്ചത്.

Signature-ad

ബ്ലാസ്റ്റേഴ്സും ബംഗളൂരുവും സമനിലയില്‍ പിരിഞ്ഞതോടെ ഗോകുലം കേരള എഫ്സി ഗ്രൂപ്പ് സി ചാന്പ്യന്മാരായി ക്വാര്‍ട്ടറിലേക്ക് മുന്നേറി. കളിച്ച രണ്ട് മത്സരത്തിലും ജയിച്ച ഗോകുലം കേരളയ്ക്ക് ആറ് പോയിന്‍റാണ്. രണ്ട് സമനിലയോടെ രണ്ട് പോയിന്‍റുമായി ബംഗളൂരുവാണ് നിലവില്‍ രണ്ടാം സ്ഥാനത്ത്. അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ എയര്‍ ഫോഴ്സിനെയും ബംഗളൂരു ഗോകുലം കേരളയെയും നേരിടും.

എയര്‍ ഫോഴ്സിനെതിരേ ജയിക്കുകയും, ഗോകുലം ബംഗളൂരുവിനെ സമനിലയില്‍ നിര്‍ത്തുകയോ തോല്‍പ്പിക്കുകയോ ചെയ്താല്‍ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിന് ക്വാര്‍ട്ടര്‍ പ്രവേശം ഇനി സാധ്യമാകുകയുള്ളൂ.

Back to top button
error: