IndiaNEWS

കരാര്‍ കാലാവധി കഴി‍ഞ്ഞാലും കരാ‍ര്‍ ജീവനക്കാർക്ക് പ്രസവാനുകൂല്യങ്ങള്‍ നല്‍കണം; നിര്‍ണായക തീരുമാനവുമായി സുപ്രീം കോടതി

ദില്ലി: കരാ‍ർ ജീവനക്കാരുടെ പ്രസവാനൂകൂല്യത്തിൽ നിർണായക തീരുമാനവുമായി സുപ്രീം കോടതി. കരാർ കാലാവധി കഴി‍ഞ്ഞാലും പ്രസവാനുകൂല്യങ്ങൾ നൽകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 1961 ലെ പ്രസവാവധി ആനുകൂല്യം നിയമത്തിലെ സെക്ഷൻ 5 പ്രകാരം കരാർ തൊഴിലാളിക്ക് സ്ഥാപനവുമായുള്ള കരാർ അവസാനിച്ചാലും പ്രസവാവധിക്കുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് കോടതി വ്യക്തമാക്കി.

പ്രസവാവധി ആനുകൂല്യങ്ങൾ നിഷേധിച്ചതിനെതിരെ വനിതാ ഡോക്ടർ സമർപ്പിച്ച പരാതിയിലാണ് നിർണായക തീരുമാനം. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സഞ്ജയ് കുമാർ. ജസ്റ്റിസ് എസ്വിഎൻ ഭാട്ടി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിൻറേതാണ് തീരുമാനം. 11 ദിവസത്തേക്ക് മാത്രം പ്രസവാവധി ആനുകൂല്യങ്ങൾ നൽകിയതിനെ ശരിവച്ച ദില്ലി ഹൈക്കോടതി വിധിക്കെതിരെയാണ് ഡോക്ടർ സുപ്രീം കോടതിയെ സമീപിച്ചത്. കരാർ കാലം അവസാനിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് ആനുകൂല്യം നിഷേധിച്ചത്. 3 മാസത്തിനുള്ളിൽ 1961 ലെ പ്രസവാവധി ആനുകൂല്യ നിയമത്തിലെ സെക്ഷൻ 5 പ്രകാരമുള്ള ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി.

Signature-ad

ആനുകൂല്യങ്ങൾ നൽകിയാൽ അത് കരാർ നീട്ടിയതായി കണക്കാക്കുമെന്ന എതിർവാദം തള്ളിയാണ് കോടതിയുടെ തീരുമാനം. കരാർ നീട്ടാനല്ല പരാതിക്കാരി ആവശ്യപ്പെടുന്നതെന്നും അർഹതപ്പെട്ട ആനുകൂല്യമാണ് ചോദിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ദില്ലിയിലെ എൻസിടി യുടെ കീഴിലുള്ള ജനക്പുരി ആശുപത്രിയിലെ കരാർ അടിസ്ഥാനത്തിലെ ഡോക്ടറാണ് പരാതിക്കാരി.

ജൂൺ 2017ലാണ് പ്രസവാവധി ആനുകൂല്യങ്ങളുമായി പരാതിക്കാരി ആശുപത്രിയെ സമീപിച്ചത്. മെയ് 24ന് അപേക്ഷ സമർപ്പിച്ചെങ്കിലും 11 ദിവസത്തെ ആനുകൂല്യങ്ങൾ മാത്രമാണ് വനിതാ ഡോക്ടർക്ക് ലഭിച്ചത്. 24 മാസം കരാറിൽ ജോലിക്ക് ചെയ്ത തൊഴിലാളിക്ക്, 23ാം മാസം പ്രസവാവധിയിൽ പ്രവേശിച്ചാൽ ഒരു മാസത്തേക്ക് മാത്രമല്ല, പിന്നീടുള്ള അഞ്ച് മാസത്തേക്കും ആനുകൂല്യം നൽകണം എന്നാണ് വിധി വിശദമാക്കുന്നത്.

Back to top button
error: