ഭോപ്പാല്‍: മധ്യപ്രദേശില്‍ വളര്‍ത്തുനായ്ക്കള്‍ തമ്മിലുള്ള വഴക്ക് ഉടമകള്‍ ഏറ്റെടുത്തതിനെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. ഇന്‍ഡോറില്‍ വ്യാഴാഴ്ചയാണ് സംഭവം. ബാങ്കില്‍ സുരക്ഷാ ജീവനക്കാരനായ രാജ്പാല് സിങ് രജാവത്ത്, വീടിന്റെ ബാല്‍ക്കണിയില്‍നിന്നു രാത്രി അയല്‍ക്കാരായ രണ്ടു പേരെ വെടിവച്ചു കൊല്ലുകയായിരുന്നു. രജാവത്തിന്റെ അയല്‍ക്കാരായ വിമല്‍ അചാല (35), രാഹുല്‍ വര്‍മ (27) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പിന്റെ വിഡിയോ പുറത്തുവന്നു. ആക്രമണത്തില്‍ ആറുപേര്‍ക്കു പരുക്കേറ്റു.
രജാവത്തും വിമലും രാത്രി വളര്‍ത്തുനായ്ക്കളുമായി നടക്കാനിറങ്ങിയപ്പോള്‍ ഇടുങ്ങിയ വഴിയില്‍വച്ച് ഇരു നായ്ക്കളും തമ്മില്‍ കടിപിടിയുണ്ടായി. ഇതേച്ചൊല്ലി രജാവത്തും വിമലും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉടലെടുത്തു. പിന്നാലെ വീട്ടിലേക്ക് ഓടിയ രജാവത്ത് റൈഫിള്‍ എടുത്ത് വീടിന്റെ ഒന്നാംനിലയില്‍നിന്ന് വിമലിനു നേരെ നിറയൊഴിക്കുകയായിരുന്നു. മുന്നറിയിപ്പെന്ന നിലയില്‍ ആദ്യം ആകാശത്തേക്കു വെടിവച്ച രജാവത്ത് പിന്നീട് റോഡില്‍നിന്നവര്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നു.
വെടിയേറ്റ വിമലിനെയും രാഹുലിനെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. റോഡില്‍ ഉണ്ടായിരുന്ന ആറു പേര്‍ക്കാണ് പരുക്കേറ്റത്. ഇവരില്‍ രണ്ടു പേരുടെ നില ഗുരതരമാണെന്നു പോലീസ് അറിയിച്ചു. സംഭവത്തിനു പിന്നാലെ രജാവത്തിനെയും മകന് സുധീറിനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു. ഗ്വാളിയര്‍ സ്വദേശിയായ രജാവത്ത് ലൈസന്‍സുള്ള റൈഫിള്‍ ഉപയോഗിച്ചാണ് വെടിവച്ചതെന്നു പോലീസ് പറഞ്ഞു.
VIDEO | Two people were killed and six others injured after a man, identified as a security guard Rajpal Rajawat, fired shots on neighbours following an argument over pet dogs in MP's Indore.
(Note: Audio muted due to abusive content)
(Source: Third Party) pic.twitter.com/jw8Btu9GVN
— Press Trust of India (@PTI_News) August 18, 2023