ന്യൂഡൽഹി:സിം കാര്‍ഡ് ഡീലര്‍മാര്‍ക്കു പോലീസ് വെരിഫിക്കേഷൻ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണു തീരുമാനം പ്രഖ്യാപിച്ചത്.
സിമ്മിന്‍റെ വലിയ അളവിലുള്ള കൂട്ടായ വില്പന നിയന്ത്രിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തട്ടിപ്പുകള്‍ തടയുന്നതിനുള്ള മുൻകരുതലിന്‍റെ ഭാഗമായാണു നടപടി.പോലീസ് വെരിഫിക്കേഷൻ ഉള്‍പ്പെടെയുള്ള ചട്ടങ്ങള്‍ സിം ഡീലര്‍മാര്‍ ലംഘിച്ചാല്‍ 10 ലക്ഷം രൂപയാണു പിഴ.
രാജ്യത്ത് 10 ലക്ഷത്തിലധികം സിം കാര്‍ഡ് ഡീലര്‍മാരുണ്ടെന്നും അവരെല്ലാം സമയബന്ധിതമായി വെരിഫിക്കേഷൻ പൂര്‍ത്തിയാക്കണമെന്നും അശ്വിനി വൈഷ്ണവ് നിര്‍ദേശിച്ചു.
ഇതുവരെ 52 ലക്ഷം മൊബൈല്‍ കണക്‌ഷനുകള്‍ ടെലിക്കമ്യൂണിക്കേഷൻ വകുപ്പ് നിര്‍ത്തലാക്കി. 67,000 ഡീലര്‍മാരെ കരിന്പട്ടികയില്‍പ്പെടുത്തി. ഈ വര്‍ഷം മേയ് വരെ 300 എഫ്‌ഐആറുകള്‍ സിം ഡീലര്‍മാര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തട്ടിപ്പ് ഇടപാടുകളില്‍ ഏര്‍പ്പെട്ട 66,000 വാട്സ്‌ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.