കണ്ണൂര്‍: തളിപറമ്പില്‍ മകളെ വിവാഹം ചെയ്തുകൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ പിതാവിനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. കണ്ണൂര്‍ തയ്യില്‍ സ്വദേശി അക്ഷയിയാണ് കണ്ണൂര്‍ സിറ്റി പോലീസിന്റെ പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ ഇരിക്കൂര്‍ മാമാനം സ്വദേശി രാജേഷിനെ വീട്ടില്‍കയറി വെട്ടിയത്.
മാത്തില്‍ ചൂരലില്‍ വാടകവീട്ടിലെ താമസക്കാരനാണ് രാജേഷ്. വ്യാഴാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. കണ്ണൂര്‍ തയ്യില്‍ സ്വദേശി അക്ഷയിയാണ് വീട്ടില്‍കയറി വെട്ടിയത്. രാജേഷിന്റെ മകളെ വിവാഹം ചെയ്തുകൊടുക്കാത്തതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. തനിക്ക് വിവാഹം ചെയ്തു തരാതെ കാസര്‍കോട് സ്വദേശിക്ക് മകളെ വിവാഹം ചെയ്തുകൊടുത്തതില്‍ ഇയാള്‍ക്ക് രാജേഷിനോട് പകയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രാജേഷിന് തലയിലും മുഖത്തും വെട്ടേറ്റിട്ടുണ്ട്. രാജേഷ് ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മറ്റൊരു കേസില്‍പെട്ട് ജയിലിലായിരുന്ന അക്ഷയ് അടുത്തകാലത്താണ് പുറത്തിറങ്ങിയത്.
അക്ഷയിന്റെ വധ ഭീഷണികാരണമാണ് രാജേഷ്, മാത്തില്‍ ചൂരലില്‍ വീട് വാടകക്കെടുത്ത് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. അക്രമത്തിനുശേഷം മുങ്ങിയ പ്രതിയെയാണ് കണ്ണൂര്‍ സിറ്റി പോലീസ് പിടികൂടിയത്.