ഭോപ്പാല്‍: മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ജയില്‍ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയയാള്‍ വീണ്ടും അതേ കുറ്റകൃത്യം നടത്തിയതിനെത്തുടര്‍ന്ന് അറസ്റ്റില്‍. സത്നയിലെ കൃഷ്ണനഗര്‍ സ്വദേശി രാകേഷ് വര്‍മ (35) ആണ് അറസ്റ്റിലായത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനാല്‍ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി പ്രദേശത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ജഗദ്ദേവ് തലബില്വെച്ച് ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. രാകേഷ് കുട്ടിയെ ലാളിച്ച് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബലാത്സംഗത്തിനിരയായതായി മനസ്സിലായി. ആദ്യം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമായതിനാല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
പ്രതി 12 വര്‍ഷം മുന്‍പ് നടന്ന ബലാത്സംഗക്കേസിലെ പ്രതിയാണ്. നാലര വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് അന്ന് രാകേഷ് വര്‍മയെ 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ജയിലിലെ നല്ല നടപ്പുകാരണം ശിക്ഷ ഏഴുവര്‍ഷമാക്കി ലഘൂകരിച്ച് വിട്ടയച്ചു. ഒന്നരവര്‍ഷംമുന്‍പ് പുറത്തിറങ്ങിയ ഇയാള്‍ ബുധനാഴ്ച വീണ്ടും അതേ കുറ്റകൃത്യം നടത്തുകയായിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതിയുടെ സ്വത്തുവകകള്ക്കുമേല് ബുള്‍ഡോസര്‍ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന്, വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.