ന്യൂഡല്‍ഹി: വെസ്റ്റ് ഡല്‍ഹിയില്‍ കാമുകന്റെ മകനെ കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. പതിനൊന്നുകാരനായ ദിവ്യാന്‍ഷിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പൂജ കുമാരി(24)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാമുകനെ വിവാഹം കഴിക്കാന്‍ മകന് തടസമായതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം.
ദിവ്യാന്‍ഷിന്റെ പിതാവ് ജിതേന്ദ്രയുമായി പ്രണയത്തിലായിരുന്നു പൂജ. 2019ല്‍ ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. എന്നാല്‍, മൂന്നു വര്‍ഷത്തിനു ശേഷം ജിതേന്ദ്ര ഭാര്യയുടെയും മകന്റെയും അടുക്കലേക്ക് തിരികെ പോയി. ഇതാണ് പൂജയെ കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഈ മാസം പത്തിന് ജിതേന്ദ്രയുടെ ഇന്ദര്‍പുരിയിലെ വീടിന്റെ വിലാസം പൂജ കണ്ടുപിടിച്ചു. യുവതി സ്ഥലത്തെത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. ജിതേന്ദ്രയുടെ മകന് കിടപ്പുമുറിയില്‍ ഉറങ്ങി കിടക്കുന്നതും കണ്ടു. വീട്ടില്‍ ആരെയും കാണാതിരുന്ന പൂജ, കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് കട്ടിലിന്റെ അടിയിലെ അറയില്‍ കുട്ടിയുടെ മൃതദേഹം ഒളിപ്പിച്ച ശേഷം പൂജ അവിടെനിന്നു കടന്നുകളഞ്ഞു.
സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് യുവതിയെ തിരച്ചറിഞ്ഞത്. എന്നാല്‍, പൂജയെ അന്വേഷിച്ച് അവരുടെ വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കള്‍ക്കൊപ്പമല്ല താമസമെന്ന് മനസ്സിലാകുന്നത്. ഇന്തര്‍പുരിയിലും സമീപ പ്രദേശങ്ങളിലുമുള്ള മുന്നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇവര്‍ സമീപത്തു തന്നെയുണ്ടെന്നും എന്നാല്‍ ഒളിത്താവളങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അറിഞ്ഞത്. തുടര്‍ന്ന് മൂന്നു ദിവസത്തിനു ശേഷം പൂജ പോലീസിന്റെ പിടിയിലായി.