മുംബൈ: ശരദ്പവാറിന്റെ ചാഞ്ചാട്ടത്തില്‍ അതൃപ്തിയുള്ള മഹാവികാസ് അഘാഡി(എം.വി.എ.)യിലെ കോണ്‍ഗ്രസ്, ശിവസേന കക്ഷികള്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.സി.പിയെ കൂട്ടാതെ മത്സരിക്കാനുള്ള നീക്കത്തില്‍. പവാര്‍ ബി.ജെ.പി. പക്ഷത്തേക്ക് പോകുന്ന സാഹചര്യം മുന്നില്‍ക്കണ്ട് പ്ലാന്‍ ബി തയ്യാറായിട്ടുണ്ടെന്നും ഹൈക്കമാന്‍ഡായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുകയെന്നും മഹാരാഷ്ട്ര പി.സി.സി. അധ്യക്ഷന്‍ നാനാപട്ടോളെ അറിയിച്ചു.
എന്‍.സി.പി. പിളര്‍ത്തി ബി.ജെ.പി. പക്ഷത്തേക്കു മാറി ഉപമുഖ്യമന്ത്രിയായ അനന്തരവന് അജിത്പവാറുമായി ശരദ്പവാര്‍ നടത്തുന്ന രഹസ്യനീക്കങ്ങള്‍ സഖ്യത്തില്‍ കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പവാറിന്റെ നീക്കത്തില്‍ അതൃപ്തി പരസ്യമായി രേഖപ്പെടുത്തി. ശരദ്പവാറിനെ എന്‍.ഡി.എ.യില്‍ എത്തിക്കാനായി കേന്ദ്രമന്ത്രിസ്ഥാനവും നിതി ആയോഗ് അധ്യക്ഷസ്ഥാനവും ബി.ജെ.പി. വാഗ്ദാനംചെയ്തതായി വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനും രംഗത്തുണ്ട്. ശരദ്പവാറിന്റെ മകള്‍ സുപ്രിയ സുലെ, എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ എന്നിവര്‍ക്കും ബി.ജെ.പി. പദവികള്‍ വാഗ്ദാനംചെയ്തിട്ടുണ്ടെന്നും ചവാന് പറയുന്നു.
പവാറിന്റെ രഹസ്യനീക്കങ്ങള്‍ എം.വി.എ. സഖ്യത്തിന്റെ വിശ്വാസ്യതയ്ക്ക് കോട്ടമേല്പ്പിക്കുമെന്ന ആശങ്കയാണ് ഈ കക്ഷികള്‍ക്കുള്ളത്. എന്നാല്‍, താന്‍ ബി.ജെ.പി.യിലേക്കില്ലെന്നും പ്രതിപക്ഷ സഖ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്നും ശരദ് പവാര്‍ വ്യക്തമാക്കിയിട്ടുണ്ട്.