ജയ്പുര്‍: പതിനൊന്നാമത്തെ വയസ്സില്‍ ശൈശവ വിവാഹം, 20 ാമത്തെ വയസ്സില്‍ ഒരു കുട്ടിയുടെ അച്ഛന്, കുടുംബപ്രാരാബ്ധങ്ങള്‍… തന്റെ സ്വപ്നത്തിലേക്ക് എത്താന്‍ രാജസ്ഥാന് സ്വദേശിയായ രാംലാല്‍ ഭോയിക്ക് മുന്നില്‍ പ്രതിസന്ധികള്‍ നിരവധിയായിരുന്നു. പ്രതിസന്ധികളെയെല്ലാം മറികടന്നാണ് രാംലാല്‍ തന്റെ സ്വപ്ന നേട്ടത്തിലേക്ക് എത്തിയത്. ആറാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു രാംലാലിന്റെ വിവാഹം. വിവാഹം കഴിഞ്ഞിട്ടും പഠനം ഉപേക്ഷിക്കാന്‍ രാംലാല്‍ തയ്യാറായില്ല. പിതാവിന് താത്പര്യമില്ലാതിരുന്നിട്ടും വാശിയോടെ പഠിച്ചു. ഒടുവില്‍ കഴിഞ്ഞ വര്‍ഷത്തെ നീറ്റ് പരീക്ഷയിലെ മികച്ച വിജയത്തിലെത്തി നില്ക്കുന്നു രാംലാലിന്റെ നേട്ടം.
കഴിഞ്ഞ വര്‍ഷത്തെ നീറ്റ് പരീക്ഷഫലം പുറത്തുവന്നപ്പോള്‍ നിരവധി വിദ്യാര്‍ത്ഥികളാണ് മികച്ച സ്കോര്‍ നേടി പാസ്സായത്. എന്നാല്‍ അക്കൂട്ടത്തില്‍ രാംലാലിന്റെ പേരു മാത്രം വേറിട്ട് നിന്നു. അഞ്ചാമത്തെ ശ്രമത്തിലാണ് രാംലാലിന് നീറ്റ് പരീക്ഷ പാസ്സാകാന്‍ സാധിച്ചത്. അങ്ങനെ കുടുംബത്തിലെ ആദ്യത്തെ ഡോക്ടറാകാന്‍ ഒരുങ്ങുകയാണ് രാംലാല്‍. രാംലാലിന്റെ ഭാര്യ പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. പക്ഷേ ഡോക്ടറാകാനുള്ള അവന്റെ ആഗ്രഹം കണ്ടപ്പോള്‍, അവന്റെ സ്വപ്നം പിന്തുടരാന് സഹായിക്കാന്‍ അവള് തീരുമാനിച്ചു. ഭര്‍ത്താവിന്റെ വിദ്യാഭ്യാസത്തിന് എല്ലാ പിന്തുണയും നല്കി പിന്തുണച്ചു. പത്താം ക്ലാസ് 74 ശതമാനത്തോടെ പൂര്‍ത്തിയാക്കിയ രാംലാല്‍ സയന്‍സ് സ്ട്രീം തിരഞ്ഞെടുത്ത് യുജിസി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ തുടങ്ങി.
2019-ലെ ആദ്യശ്രമത്തില്‍ നീറ്റ് പരീക്ഷയില്‍ ആകെയുള്ള 720 മാര്‍ക്കില്‍ 350 മാര്‍ക്കാണ് രാംലാല്‍ നേടിയത്. ക്രമേണ ഓരോ ശ്രമത്തിലും കൂടുതല്‍ കൂടുതല്‍ മാര്‍ക്ക് സ്കോര്‍ ചെയ്യാന്‍ തുടങ്ങി. മികച്ച മാര്‍ക്ക് നേടി വിജയിക്കാന്‍ കോട്ടയിലെ കോച്ചിംഗ് സെന്ററില്‍ ചേര്‍ന്നു. ഒടുവില്‍, 2022ലെ നീറ്റ് പരീക്ഷയില്‍ രാംലാല്‍ 490 മാര്‍ക്ക് നേടി വിജയിച്ചു.
വിവാഹിതനാകുന്ന സമയത്ത് മെഡിക്കല്‍ മേഖലയെക്കുറിച്ച് രാംലാലിന് യാതൊരു വിധത്തിലുള്ള അറിവുണ്ടായിരുന്നില്ല. പിന്നീട് ഒരു സുഹൃത്തുമായുളള സംഭാഷണത്തിനൊടുവിലാണ് ഡോക്ടര്‍ എന്ന സ്വപ്നം രാംലാലിന്റെ മനസ്സിലുറച്ചത്. പിന്നീട് അതിന് വേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു. രാജസ്ഥാനിലെ ചിത്തോര്‍ഗഡിലെ ഘോസുന്ദ പ്രദേശത്തെ താമസക്കാരനാണ് രാംലാല്‍. ഭാര്യയും കുഞ്ഞും ഉള്‍പ്പെടുന്നതാണ് രാംലാലിന്റെ കുടുംബം.