കൊച്ചി: യൂസ്ഡ് കാര്‍ തട്ടിപ്പുകേസിലെ പ്രതിയുടെ ഫ്‌ളാറ്റില്‍നിന്ന് കൈവിലങ്ങ് കണ്ടെത്തിയ സംഭവത്തില്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലും കണക്കെടുപ്പ് തുടങ്ങി. പാലാരിവട്ടം, എളമക്കര പോലീസ് സ്റ്റേഷനുകളിലാണ് പരിശോധന പ്രധാനമായും നടക്കുന്നത്. കഴിഞ്ഞദിവസം ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളില്‍നിന്ന് കൈവിലങ്ങുകളുടെ വിവരം അന്വേഷണസംഘം ശേഖരിച്ചിരുന്നു.
കേസിലെ പ്രതിയായ നെയ്യാറ്റിന്‍കര ചെങ്കല്‍ പ്ലാമൂട്ടുകട പേരുംചേരിവീട്ടില്‍ കെ.എസ്. അമലിന്റെ (34) എളമക്കരയിലെ ഫ്‌ളാറ്റില്‍ നിന്നാണ് കൈവിലങ്ങ് ലഭിച്ചത്. അമല്‍ ഇത് ഓണ്‍ലൈന്‍ മുഖേന വാങ്ങിയതാകാമെന്ന സാദ്ധ്യതയും അന്വേഷണസംഘം തള്ളിക്കളഞ്ഞിട്ടില്ല. പിടിച്ചെടുത്ത എയര്‍പിസ്റ്റള്‍ പ്രതി രണ്ടുവര്‍ഷംമുമ്പ് വാങ്ങിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസ് ചമഞ്ഞ് പണംതട്ടാനായിരിക്കാം അമല്‍ കൈവിലങ്ങ് കൈയില്‍ സൂക്ഷിച്ചതെന്നാണ് കരുതുന്നത്. കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ ചോദ്യംചെയ്തുവരികയാണ്.
വില്പന നടത്തിത്തരാമെന്ന് വിശ്വസിപ്പിച്ച് കാറുകള്‍ കൈക്കലാക്കിയശേഷം മറിച്ചുവിറ്റ് ലക്ഷങ്ങള്‍ തട്ടിയ കേസിലാണ് പാലാരിവട്ടം ആലിന്‍ചുവട് എ.ബി കാര്‍ സ്ഥാപനമുടമ കൂടിയായ അമലിനെ മെട്രോ പോലീസ് അറസ്റ്റുചെയ്തത്. രണ്ട് എയര്‍പിസ്റ്റളുകളും ഒരു കൈവിലങ്ങും പോലീസ് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബീക്കണ്‍ ലൈറ്റുമാണ് ഫ്‌ളാറ്റില്‍നിന്ന് പിടിച്ചെടുത്തത്. 11 തട്ടിപ്പ് കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്.