പൊതു തെരഞ്ഞെടുപ്പിന് മുമ്ബുള്ള സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത നരേന്ദ്ര മോഡി പ്രസംഗത്തിലുടനീളം അടുത്ത തെരഞ്ഞെടുപ്പിലും ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. അടുത്ത അഞ്ചു വര്‍ഷത്തില്‍ രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്ബത്തിക ശക്തിയാകും എന്നും 2047 ല്‍ ഇന്ത്യ വികസിതരാജ്യമാകും എന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഓഗസ്റ്റ് 15നും വികസന നേട്ടം പങ്കുവെക്കാന്‍ ചെങ്കോട്ടയില്‍ എത്തുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണങ്ങളുടെ കാലം കഴിഞ്ഞെന്നും രാജ്യം ഇപ്പോള്‍ സുരക്ഷ അനുഭവിക്കുന്നുവെന്നും പറഞ്ഞ മോഡി പരമ്ബരാഗത മേഖലയ്ക്ക് 15000കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു.
രാവിലെ ഏഴരയോടെയാണ് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തിയത്. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് മോഡി ചെങ്കോട്ടയിലെത്തിയത്. രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നുവെന്ന് പറഞ്ഞാണ് മോഡി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു തുടങ്ങിയത്. നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യൻ യുവതയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു എന്നും പറഞ്ഞു.