ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തുമ്ബോള്‍, ആ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ കരകൗശല തൊഴിലാളികളെയടക്കം ഡല്‍ഹിയിലെത്തിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.കേരളത്തില്‍ നിന്ന് കുടുംബശ്രീ, ഹരിതകര്‍മ്മ സേനാാംഗങ്ങളെയും ക്ഷണിച്ചിട്ടുണ്ട്.
രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുളള 400 പഞ്ചായത്ത് അധ്യക്ഷന്മാരെയും 300 കര്‍ഷകരെയും 50 മത്സ്യതൊഴിലാളികളെയും ചടങ്ങിലേക്ക് അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. ഖാദി മേഖലയിലെ 50 പേര്‍, വിവിധ വാണിജ്യ മേഖലകളിലെ 62 കരകൗശല തൊഴിലാളികള്‍ എന്നിവരുണ്ടാകും. പുതിയ പാര്‍ലമെന്റ് മന്ദിരം അടക്കം സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍മാണത്തില്‍ ഭാഗമായ 50 തൊഴിലാളികളും ചടങ്ങ് വീക്ഷിക്കാനെത്തും. പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍, നഴ്‌സുമാര്‍ എന്നിവര്‍ക്ക് പുറമേ വിവിധ സംസ്ഥാനങ്ങളിലെ പരമ്ബരാഗത വസ്ത്രമുടുത്ത് എത്തുന്ന 75 ദമ്ബതികളും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന്റെ ഭാഗമാകും.
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡര്‍ റോഡ്‌സ് അസോസിയേഷനിലെ കോര്‍പറല്‍ റാങ്കിലുളള 50 പേരെയും വിശിഷ്ടാതിഥികളായി ക്ഷണിച്ചിട്ടുണ്ട്. രാജ്യാതിര്‍ത്തിയിലെ റോഡ് നിര്‍മാണത്തിലും പരിപാലനത്തിനും ഏര്‍പ്പെട്ടിരിക്കുന്നവരാണിവര്‍
സ്വാതന്ത്ര്യദിനം പ്രമാണിച്ച് ദേശീയ യുദ്ധസ്മാരകം, ഇന്ത്യാഗേറ്റ്, രാജ് ഘട്ട്, വിജയ് ചൗക്ക്, ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷന്‍, ജമാ മസ്ജിദ് മെട്രോ സ്‌റ്റേഷന്‍ തുടങ്ങിയ 12 ഇടങ്ങളിലാണ് സെല്‍ഫി പോയിന്റുകള്‍ ഒരുക്കിയിരിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ, യോഗ, സ്വച്ഛ് ഭാരത്, ജല്‍ജീവന്‍ മിഷന്‍ തുടങ്ങി വിവിധ പദ്ധതികളുടെ പ്രചാരണത്തിന്റെ ഭാഗമായാണിത്. 12 ഇടങ്ങളിലും ഓണ്‍ലൈന്‍ മത്സരവും വച്ചിട്ടുണ്ട്. മികച്ച സെല്‍ഫിക്ക് പതിനായിരം രൂപ വീതമാണ് സമ്മാനം.
ഈ വര്‍ഷം സ്വതന്ത്ര ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനമായിരിക്കും.രാജ്യം സ്വതന്ത്രമായ 1947 ഓഗസ്റ്റ് 15-നാണ് ആദ്യമായി പതാക ഉയര്‍ത്തിയത്. സാങ്കേതികമായി രാജ്യത്തിന്റെ ആദ്യ സ്വാതന്ത്ര്യദിനം ഈ ദിവസമായിരുന്നു. ഇതിനുശേഷം 1948 ഓഗസ്റ്റ് 15 ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യദിനവും സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാര്‍ഷികവുമായിരുന്നു. ഇതനുസരിച്ച് 2023 ഓഗസ്റ്റ് 15 സ്വാതന്ത്ര്യത്തിന്റെ 76-ാം വാര്‍ഷികവും 77-ാം സ്വാതന്ത്ര്യദിനവുമായിരിക്കും.