കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ കാറിന്റെ വീല്‍ നട്ട് അഴിഞ്ഞ് കിടന്നതില്‍ അട്ടിമറി ആരോപണവുമായി കോണ്‍ഗ്രസ്. ഇന്നലെ വൈകിട്ട് സിഎംഎസ് കോളേജിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വാഹനത്തിന്റെ വീല്‍നട്ട് ഇളകിയതായി കണ്ടെത്തിയത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസുമായുള്ള പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം. ചാണ്ടി ഉമ്മന്‍ സ്ഥിരം സഞ്ചരിച്ചിരുന്ന കാറിലായിരുന്നില്ല സിഎംഎസ് കോളേജിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഈ വാഹനത്തിന് സമീപം, പരിപാടിയില്‍ പങ്കെടുക്കാനെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ വാഹനം നിര്‍ത്തിയിട്ടിരുന്നു. ഇതിന്റെ ഡ്രൈവറായ ഹരികൃഷ്ണനാണ് നട്ട് ഊരിക്കിടക്കുന്നത് കണ്ടത്. വാഹനം മുന്നോട്ടെടുത്തപ്പോള്‍ ശബ്ദം കേട്ടു. ഉടന തന്നെ ഹരികൃഷ്ണന്‍ ഓടിയെത്തി ചാണ്ടി ഉമ്മന്റെ വാഹനം നിര്‍ത്തിച്ചു. വാഹനത്തിന്റെ പിന്നില്‍ ഇടതുവശത്തെ ടയറിന്റെ അഞ്ചില്‍ നാല് നട്ടുകളും ഇളകിക്കിടക്കുകയായിരുന്നു. വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങി നട്ടുകള്‍ മുറുക്കിയാണ് യാത്ര തുടര്‍ന്നത്.
സംഭവം പൊലീസ് സ്വമേധയാ അന്വേഷിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ‘വലിയൊരു അപകടസാദ്ധ്യതയുണ്ട്. വലിയ അപകടത്തില്‍ നിന്നാണ് ചാണ്ടി ഉമ്മന്‍ രക്ഷപ്പെട്ടത്. ദുരൂഹതകള്‍ ഒരുപാടുണ്ട്. സത്യം പുറത്തുവരണം. ‘- തിരുവഞ്ചൂര്‍ പറഞ്ഞു.