Fiction

ജീവിതത്തില്‍ രണ്ടാമതൊരവസരം അത്യപൂർവ്വം, ജാഗ്രതയോടെയും കരുതലോടെയും പ്രശ്നങ്ങളെ നേരിടുക

വെളിച്ചം

  വിവാഹജീവിതത്തിന്റെ ആദ്യത്തെ കുറെ വര്‍ഷങ്ങള്‍ അവര്‍ മാതൃകാദമ്പതികളായിരുന്നു. പിന്നീട് അവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളും  കലഹങ്ങളും പതിവായി.  അവര്‍ കുറച്ചുനാള്‍ പിരിഞ്ഞു താമസിച്ചു.  എങ്കിലും ആ വര്‍ഷത്തെ വിവാഹ വാര്‍ഷികത്തിന് അയാള്‍ കുറെ പൂക്കളുമായി തന്റെ ഭാര്യയുടെ അടുത്തെത്തി. പിണക്കം മറന്ന് അവൾ അത് സന്തോഷത്തോടെ സ്വീകരിച്ചു.  അവള്‍ തന്നെ ഉണ്ടാക്കിയ കേക്കെടുത്ത് അലങ്കരിക്കുന്ന സമയത്ത് ഒരു ഫോണ്‍വന്നു. ഫോണെടുത്തപ്പോള്‍ മറുവശത്ത് ഒരു പോലീസുകാരന്‍ ആയിരുന്നു.  അയാള്‍ പറഞ്ഞു:

Signature-ad

“നിങ്ങളുടെ ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിയിക്കാനാണ് ഞാന്‍ വിളിക്കുന്നത്.”

വാര്‍ത്ത അവൾ നിഷേധിച്ചു. ‘തന്റെ ഭര്‍ത്താവ് തന്റെ കൂടെയുണ്ട്’ എന്നവള്‍ പറഞ്ഞു.

“ഇന്ന് വൈകുന്നേരമുണ്ടായ ഒരു വാഹനാപകടത്തില്‍ നിങ്ങളുടെ ഭര്‍ത്താവ് മരിച്ചു. അയാളുടെ പേഴ്‌സില്‍ നിന്നും കിട്ടിയ നമ്പറില്‍ നിന്നാണ് ഞാന്‍ നിങ്ങളെ വിളിക്കുന്നത്.”
പോലീസുകാരന്‍ പറഞ്ഞു.

പൂക്കളുമായി വന്ന ഭര്‍ത്താവ് തന്റെ തോന്നലായിരുന്നോ എന്ന് ഒരു നിമിഷം അവൾ ശങ്കിച്ചു. ഒരവസരം കൂടി കിട്ടിയിരുന്നെങ്കില്‍ പിണക്കങ്ങൾ  എല്ലാം  പരിഹരിക്കാമായിരുന്നു എന്ന് അവൾ അപ്പോള്‍ ഓര്‍ത്തു. അവൾ പരിസരം മറന്ന് പൊട്ടിക്കരഞ്ഞു. അപ്പോഴാണ് കുളിമുറയില്‍ നിന്ന് ഭര്‍ത്താവ് വിളിച്ചു പറഞ്ഞത്:

“നിന്നോട് ഒരു കാര്യം ഞാന്‍ പറയാന്‍ മറന്നു. എന്റെ പേഴ്‌സ് ഇന്ന് നഷ്ടപ്പെട്ടു…”

ആഹ്ലാദം കൊണ്ട് അവൾ മതിമറന്നു പോയി.

ജീവിതത്തില്‍ രണ്ടാം ജന്മം മാത്രമല്ല, രണ്ടാമതൊരു അവസരം പോലും അസാധ്യമോ അപൂര്‍വ്വമോ ആകും.  ഒരിക്കല്‍ മാത്രമേ ലഭിക്കൂ എന്നറിയുന്ന എല്ലാ കാര്യങ്ങളേയും കരുതലോടെയും ജാഗ്രതയോടെയും സമീപിച്ചാല്‍ എല്ലാ കാര്യങ്ങള്‍ക്കും അവയര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചേനെ.

കൂടെയുള്ളപ്പോള്‍ അവഗണിക്കുകയും നഷ്ടപ്പെടുമ്പോള്‍ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന കാപട്യം കുറ്റബോധം മാത്രമേ സൃഷ്ടിക്കൂ.  എല്ലാം നൈമിഷികമാണ് എന്നും എന്തും എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാ എന്നുമുള്ള ബോധം എല്ലാവര്‍ക്കുമുണ്ടെങ്കിലും പലപ്പോഴും നാം അത് മറന്നുപോകുന്നു..  ജീവിതത്തില്‍ രണ്ടാമതൊരവസരം അപ്രതീക്ഷിതം തന്നെ. അത് എല്ലാവര്‍ക്കും ലഭിക്കണമെന്നുമില്ല.. ആനന്ദപൂര്‍ണ്ണമാകട്ടെ ഏവരുടെയും ജീവിതം

ആനന്ദപൂര്‍ണ്ണമായ ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: