കണ്ണൂര്‍: പഴയങ്ങാടിയിലും ബ്ലാക്ക്മാന്‍ ഭീതിപരത്തുന്നു. ചെറുപുഴ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ പതിനെട്ടുമാസമായി മലയോര ജനതയുടെ ഉറക്കം കെടുത്തിയ ബ്ലാക്ക്മാന്റെ ആവര്‍ത്തനമാണ്. പഴയങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഏഴോം പഞ്ചായത്തിലെ അടുത്തില ഈസ്റ്റിലെ വീടുകളുടെ ചുമരുകളില്‍ ചുമരെഴുത്തുകളായി പ്രത്യക്ഷപ്പെട്ടത്. പാറന്തട്ട അമ്പലത്തിനു സമീപത്തെ പിവി ഗംഗാധരന്‍, പിവി രമേശന്‍ എന്നിവര്‍ വാടകയ്ക്കു താമസിക്കുന്ന വീടിന്റെ ചുമരിലാണ് കരികൊണ്ട് ബ്ലാക്ക്മാനെന്ന് എഴുതിയത് പ്രത്യക്ഷപ്പെട്ടത്.
ചൊവ്വാഴ്ച്ച രാത്രി 11.30 യോടെയാണ് ആളനക്കം കേട്ട് രമേശന്റെ മകന്‍ എഴുന്നേറ്റ് നോക്കുമ്പോള്‍ ഒരാള്‍ ഓടുന്നതുകണ്ടത്. ഉടന്‍ വീട്ടിലുളളവരെയും സമീപമുളളവരെയും വിവരമറിയിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. ഇതേദിവസം സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ഓമ്നി വാന്‍ വീടുകള്‍ക്ക് മുന്‍പിലെ റോഡിലൂടെ കടന്നുപോയതായി പ്രദേശവാസികള്‍ പഴയങ്ങാടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, ചെറുപുഴയില്‍ ഭീതിപരത്തുന്ന ബ്ലാക്ക്മാനല്ല പഴയങ്ങാടിയിലേതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ചെറുപുഴയിലും പ്രാപ്പൊയിലിലും കണ്ട ചുമരെഴുത്തുകളുടെ കൈയ്യക്ഷരത്തില്‍നിന്ന് തികച്ചും വ്യത്യസതമാണ് പഴയങ്ങാടിയിലേത്. അതുകൊണ്ടുതന്നെ പ്രദേശത്ത് ഭീതിപരത്താനുളള സാമൂഹ്യവിരുദ്ധരുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും ഈ മേഖലയില്‍ രാത്രികാല പെട്രൊളിങ് ശക്തമാക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ചെറുപുഴ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ കുറെ നാളുകളായി ബ്ലാക്ക്മാന്‍ ശല്യം കാരണം ജനങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. പോലീസും നാട്ടുകാരും ജാഗ്രതാ സമിതി രൂപീകരിച്ചു. രാത്രികാല പരിശോധനയും കാവലും ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ അജ്ഞാതനെ കണ്ടെത്താനായിട്ടില്ല.