KeralaNEWS

ഓണത്തിനു മുമ്പെ മാങ്കുളത്ത് മഹാബലിയെത്തി! വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പുറത്തുവരുന്ന തവളയെ കണ്ടെത്തി

ഇടുക്കി: വര്‍ഷത്തിലൊരിക്കല്‍ മാത്രം മണ്ണിനടിയില്‍ നിന്നും പുറത്തുവരുന്ന പാതാള തവളയെന്ന മഹാബലി തവളയെ മാങ്കുളം ആനക്കുളത്ത് കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന പാതാള തവളകള്‍ പശ്ചിമഘട്ടത്തിലെ ചൂടുള്ള പ്രദേശങ്ങളിലാണ് ജീവിക്കുന്നത്. നാസികബട്രാക്സ് സഹ്യാദ്രന്‍സിസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം.

വര്‍ഷത്തിലൊരിക്കല്‍ മാത്രം പുറത്തു വരുന്നെന്ന കാരണത്താലാണ് മഹാബലി തവള എന്ന പേരിലും ഇവ അറിയപ്പെടുന്നത്. 364 ദിവസവും ഭൂമിക്കടിയില്‍ കഴിയുന്ന ഇവ മുട്ടയിടുന്നതിനായാണ് വര്‍ഷത്തില്‍ ഒരു ദിവസം മാത്രം പുറത്തു വരുന്നത്. പുഴകള്‍, അരുവികള്‍ എന്നിവയ്ക്ക് സമീപമുള്ള ഇളകിയ മണ്ണിനടിയില്‍ ജീവിക്കുന്ന ഇവയുടെ ആഹാരം ചിതലുകളും ഉറുമ്പുകളുമാണ്. വനംവകുപ്പിന്റെയും മറ്റും ശുപാര്‍ശ പ്രകാരം പാതാള തവളയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്.

Signature-ad

ഇരുണ്ട നിറത്തിലുള്ള ഈ തവളയ്ക്ക് തീരെ ചെറിയ കൈകാലുകളാണുള്ളത്. ഏകദേശം ഏഴു സെന്റിമീറ്റര്‍ നീളമുള്ള ഇവയുടെ ശരീരം ഊതിവീര്‍പ്പിച്ച പോലെയാണ് കണ്ടെത്തിയിട്ടുള്ളത്. മൂക്ക് കൂര്‍ത്തിരിക്കുന്നത് കൊണ്ട് പന്നിമൂക്കന്‍ എന്ന് പേരിലും ഇവ അറിയപ്പെടുന്നുണ്ട്. കട്ടിയുള്ള പേശിയോട് കൂടിയ നീളം കുറഞ്ഞ മുന്‍കാലുകളും, കൈകളും മണ്ണ് കുഴിക്കാന്‍ അതിനെ സഹായിക്കുന്നു. മറ്റ് തവളകളില്‍ നിന്ന് വ്യത്യസ്തമായി, ഇതിന് വളരെ ചെറിയ പിന്‍കാലുകളാണുള്ളത്. അതുകൊണ്ട് തന്നെ അതിന് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് കുതിക്കാന്‍ സാധിക്കില്ല. ചിതലും, മണ്ണിരയും, ചെറിയ പ്രാണികളുമാണ് പ്രധാന ഭക്ഷണം.

 

Back to top button
error: