ഹൈദരാബാദ്: പുലര്‍ച്ചെ പിസയുമായി കാമുകിയുടെ വീട്ടിലെത്തിയ എത്തിയ ഇരുപതുകാരനു ദാരുണാന്ത്യം. ഹൈദരാബാദില്‍ ബേക്കറി ജീവനക്കാരനായ മുഹമ്മദ് ഷുഹൈബ് എന്ന യുവാവാണ് മൂന്നാം നിലയില്‍നിന്ന് വീണ് മരിച്ചത്. കാമുകിക്കായി വാങ്ങിയ പിസ കാമുകിയുടെ വീടിന്റെ ടെറസിലിരുന്ന് ഒരുമിച്ച് കഴിക്കാനൊരുങ്ങുമ്പോള്‍ പെണ്‍കുട്ടിയുടെ പിതാവ് അവിടേക്കു വരുന്നതു കണ്ടു. തുടര്‍ന്ന് ഒളിക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ ഷുഹൈബ് ടെറസില്‍ നിന്ന് വീണുമരിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം.
മൂന്ന് നില കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് കേബിളുകളില്‍ തൂങ്ങി താഴെയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് നിലത്ത് വീഴുകയായിരുന്നു. വീഴ്ചയില്‍ ഷുഹൈബിന്റെ കഴുത്തൊടിഞ്ഞു. അപകട വിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചതിന് പിന്നാലെ മുഹമ്മദ് ഷുഹൈബിന്റെ ബന്ധുക്കളെത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
പുലര്‍ച്ചെ മൂന്നുമണിയോടെ ഒസ്മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ചരയോടെ മരിച്ചു. സംഭവത്തില്‍ യുവാവിന്റെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സമാനമായ മറ്റൊരു സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം സേലത്ത് കാമുകിയുമായി ഫ്ളാറ്റിന്റെ ടെറസില്‍ സംസാരിച്ചുകൊണ്ടിരുന്ന യുവാവ് കാമുകിയുടെ അമ്മയെ കണ്ട് ഒളിക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ് മരിച്ചിരുന്നു. ധര്‍മപുരി സ്വദേശിയായ എസ് സഞ്ജയ് (18) ആണ് മരിച്ചത്.