ബംഗളൂരു:നഴ്സുമാരെ അപഹസിക്കുന്ന തരത്തില്‍ വിഡിയോ റീലുകള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ 11 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സസ്പെൻഷൻ.
ഹുബ്ബള്ളിയിലെ കര്‍ണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലാണ് (കിംസ്) സംഭവം. പ്രിൻസിപ്പല്‍ ഡോ. ഈശ്വര്‍ ഹൊസമ്നിയാണ് പ്രതിഷേധത്തിനൊടുവില്‍ വിദ്യാര്‍ഥികളെ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്.
വിഡിയോ ചിത്രീകരിച്ച് കന്നടയിലെ പ്രശസ്ത സിനിമഗാനം ചേര്‍ത്താണ് പ്രചരിപ്പിച്ചത്. ‘പെണ്‍കുട്ടികളെ വിശ്വസിക്കാൻ കൊള്ളില്ല, നഴ്സുമാര്‍ വിശ്വസ്തര്‍ അല്ല’ എന്നിങ്ങനെ തുടങ്ങുന്നതാണ് പാട്ട്. ഗാനത്തിനൊപ്പം മെഡിക്കല്‍ വിദ്യാര്‍ഥികളായ ആണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്നുണ്ട്.
വിഡിയോ വൈറലായതോടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നഴ്സുമാരില്‍നിന്ന് വൻ പ്രതിഷേധമാണ് ഉയര്‍ന്നത്. വിഡിയോക്കെതിരെ കോലാര്‍ ജില്ല ആശുപത്രിയിലെ നഴ്സുമാര്‍ പ്രതിഷേധസമരം നടത്തി. സംസ്ഥാനത്തെ നഴ്സുമാരുടെ സംഘടന കിംസ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.