IndiaNEWS

രാഹുലിന്റെ തുഗ്ലക് ലെയ്ന്‍ വസതി; ഉപേക്ഷ വിചാരിക്കാതെ അപേക്ഷിച്ചാല്‍ തിരിച്ചുകിട്ടും

ന്യൂഡല്‍ഹി: ലോക്സഭാംഗത്വം തിരിച്ചുകിട്ടിയ വയനാട് എംപി രാഹുല്‍ ഗാന്ധിക്ക്് മുന്‍പ് താമസിച്ചിരുന്ന തുഗ്ലക് ലെയ്നിലെ ഔദ്യോഗിക വസതി തിരിച്ചു കിട്ടാനുള്ള നടപടികള്‍ കോണ്‍ഗ്രസ് ആരംഭിച്ചു. ഈ വസതി ഇതുവരെ ആര്‍ക്കും അനുവദിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി അപേക്ഷ സമര്‍പ്പിച്ചാല്‍ വീട് അദ്ദേഹത്തിനു തന്നെ അനുവദിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

അപകീര്‍ത്തിക്കേസില്‍ രണ്ടു വര്‍ഷം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് എംപി സ്ഥാനം നഷ്ടമായതിനു പിന്നാലെ രാഹുല്‍ തുഗ്ലക് ലെയ്നിലെ വീട് ഒഴിഞ്ഞിരുന്നു. അമ്മ സോണിയ ഗാന്ധിയുടെ 10 ജന്‍പഥ് റോഡിലെ വീട്ടിലാണ് പിന്നീട് രാഹുല്‍ താമസിച്ചിരുന്നത്. രാഹുലിനു വീട് തിരിച്ചു നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി തിങ്കളാഴ്ച ലോക്സഭയുടെ ഹൗസിങ് കമ്മിറ്റിയോട് ആവശ്യപ്പെു. എന്നാല്‍, രാഹുല്‍ ഗാന്ധി നേരിട്ട് അപേക്ഷ സമര്‍പ്പിക്കണമെന്നാണ് നിയമമെന്നും മറ്റൊരാള്‍ക്ക് അതിനായി അപേക്ഷിക്കാനാവില്ലെന്നും സമിതി അറിയിച്ചു.

Signature-ad

രാഷ്ട്രീയ വൈരം തീര്‍ക്കാനാണ് രാഹുലിനോടു വീടൊഴിയാന്‍ ഹൗസിങ് കമ്മിറ്റി ആവശ്യപ്പെട്ടതെന്നു കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ‘എന്റെ വീട് നിങ്ങളുടേയും’ എന്ന പ്രചാരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അതേസമയം, 137 ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ പാര്‍ലമെന്റിലെത്തിയ രാഹുല്‍ ഗാന്ധിയുടെ മടങ്ങിവരവ് ആഘോഷമാക്കി മാറ്റി പാര്‍ട്ടിയും ഇന്ത്യാ മുന്നണിയും. മുദ്രാവാക്യം വിളികളോടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ രാഹുലിനെ വരവേറ്റത്. പാര്‍ലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയില്‍ വണങ്ങിയാണ് രാഹുല്‍ സമ്മേളനത്തിനെത്തിയത്.

രാവിലെയാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കിയത്. അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണിത്. കോടതി വിധിയും അനുബന്ധ രേഖകളും കോണ്‍ഗ്രസ് ശനിയാഴ്ച തന്നെ ലോക്‌സഭാ സെക്രട്ടേറിയറ്റിനു കൈമാറിയിരുന്നു.

Back to top button
error: