മകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത പിതാവിനെ വിഷപാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താന് ശ്രമം. തിരുവനന്തപുരം അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രന്റെ വീടിനുള്ളിലാണു പാമ്പിനെ ഇട്ടത്. പ്രതി കോടന്നൂർ സ്വദേശി എസ്കെ സദനത്തിൽ കിച്ചു (30)വിനെ പൊലീസ് പിടികൂടി. .
ഞായറാഴ്ച പുലർച്ചെയാണ് സംഭവം. പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയതിന് യുവാവിനെ വീട്ടുകാർ ശാസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി ഗൃഹനാഥനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
ഞായറാഴ്ച പുലർച്ചെ 2.45 ഓടെ വീടിന് പുറത്ത് ആൾപ്പെരുമാറ്റം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് കിച്ചു ജനാലയിലൂടെ പാമ്പിനെ വലിച്ചെറിഞ്ഞശേഷം ബൈക്ക് ഉപേക്ഷിച്ച് ഓടിപ്പോകുന്നത് കണ്ടത്. വീടിനുള്ളിൽ വീണ പാമ്പിനെ അടിച്ചുകൊല്ലാൻ ശ്രമിച്ചെങ്കിലും മുറിഞ്ഞുപോയി. പരിക്കേറ്റ പാമ്പിനെ പുറത്തെ പുരയിടത്തിൽ എടുത്തിട്ട ശേഷം രാവിലെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതി പരിശോധിച്ച പൊലീസ് അന്വേഷണത്തിന് പരാതിക്കാരന്റെ വീട്ടിലെത്തി. പാമ്പിന്റെ അവശേഷിച്ച ഭാഗംകണ്ടപ്പോൾ പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലായി. ബൈക്കിന്റെ നമ്പറിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മുൻ വൈരാഗ്യത്തിന്റെ ഭാഗമായാണ് വിഷപ്പാമ്പിനെ വീടിനുള്ളിലേക്ക് എറിഞ്ഞതെന്ന് പ്രതി സമ്മതിച്ചു. തുടർന്ന് കൊലപാതക ശ്രമത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പാമ്പ് ഏത് ഇനമാണെന്ന് പരിശോധിച്ച ശേഷമേ പറയാനാകൂ എന്നും പ്രതി ലഹരിക്ക് അടിമയാണെന്നും, നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണെന്നും പോലീസ് പറഞ്ഞു. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.