KeralaNEWS

യുപി മോഡല്‍ പൊലീസ് സംവിധാനം കേരളത്തിലും നടപ്പാക്കണം:കെ.സുരേന്ദ്രൻ

കൊച്ചി:പൊലീസ് സംവിധാനത്തിന്റെ പരാജയമാണ് കേരളത്തില്‍ ഇത്രയധികം കുറ്റകൃത്യങ്ങളുണ്ടാകാന്‍ കാരണമെന്നും യുപി മോഡല്‍ പൊലീസ് സംവിധാനം കേരളത്തിലും നടപ്പാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

ആലുവയില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക് നീതി വേണം എന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ.എന്‍ രാധാകൃഷ്ണന്‍ നടത്തുന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പൊലീസ് സംവിധാനത്തിന്റെ പരാജയമാണ് കേരളത്തില്‍ ഇത്രയധികം കുറ്റകൃത്യങ്ങളുണ്ടാകാന്‍ കാരണം. ആലുവയില്‍ അഞ്ചുവയസുകാരിയെ കാണാതായിട്ടും പൊലീസിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കാനുള്ള ഒരു സംവിധാനവും കേരള പൊലീസിനില്ല. പ്രതിവര്‍ഷം 5,000 കോടിയിലധികം രൂപയുടെ മയക്കുമരുന്നുകളാണ് കേരളത്തിലേക്ക് വരുന്നത്. ഇത് എങ്ങോട്ടാണ് വരുന്നതെന്ന് പൊലീസ് അന്വേഷിക്കുന്നില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക പൊലീസ് സ്റ്റേഷനുകള്‍ വേണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ വേണം. യുപി മോഡല്‍ പൊലീസ് സംവിധാനം കേരളത്തിലും നടപ്പാക്കണം. യോഗി ആദിത്യനാഥ് എല്ലാ ഗുണ്ടകളെയും മാഫിയകളെയും അടിച്ചമര്‍ത്തി. കുറ്റകൃത്യങ്ങളില്‍ ഏറ്റവും മുമ്ബിലുള്ള സംസ്ഥാനമായിരുന്ന യുപി ഇന്ന് ക്രൈം റേറ്റില്‍ ഏറ്റവും പിന്നിലാണ്. വിലക്കയറ്റം കാരണം സംസ്ഥാനത്ത് ആളുകളുടെ ജീവിതം പൊറുതിമുട്ടി കഴിഞ്ഞു. ഓണം ഉണ്ണാന്‍ മലയാളിക്ക് കഴിയാത്ത സാഹചര്യമാണുള്ളത്’, കെ.സുരേന്ദ്രന്‍ പറഞ്ഞു.

Back to top button
error: