IndiaNEWS

‘അടിച്ചു മാറ്റിയ തോക്കുകള്‍’ മടിച്ചു നില്‍ക്കാതെ മന്ത്രിയുടെ വീടിനു മുന്നിലെ പെട്ടിയിലിടാം; മണിപ്പുര്‍ പോലീസിന്റെ വമ്പന്‍ ഓഫര്‍

ഇംഫാല്‍: പോലീസില്‍ നിന്നു കവര്‍ന്ന ആയുധങ്ങള്‍ തിരികെ നിക്ഷേപിക്കാന്‍ ഇംഫാലില്‍ ഡ്രോപ് ബോക്‌സ്. മന്ത്രി എല്‍.സുശില്‍ദ്രോയുടെ വീടിനു മുന്‍പിലാണ് തോക്കുകള്‍ നിക്ഷേപിക്കാനായി പെട്ടി സ്ഥാപിച്ചത്. ഇതിലൂടെ ഒട്ടേറെ തോക്കുകള്‍ തിരികെ ലഭിച്ചതായി പോലീസ് അറിയിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസം കിട്ടിയത് കേടുവന്ന ഒരു തോക്കും വെടിയുണ്ടയില്ലാത്ത മാഗസിനുമാണെന്നാണു വിവരം.

കലാപത്തിന്റെ ആദ്യദിനം 4000 യന്ത്രത്തോക്കുകളും 5 ലക്ഷത്തിലധികം വെടിയുണ്ടകളും പോലീസ് ട്രെയ്‌നിങ് കോളജിന്റെ ആയുധപ്പുരയില്‍നിന്നു കവര്‍ന്നിരുന്നു. മെയ്‌തെയ് ജനക്കൂട്ടത്തിനു പോലീസ് തന്നെ ഇവ കൈമാറുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇതില്‍ 1500 എണ്ണം തിരികെ ലഭിച്ചുവെന്നാണു പോലീസ് അവകാശപ്പെടുന്നത്. എകെ 47, എം 16 ഉള്‍പ്പെടെ വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങളാണ് അന്നു നഷ്ടപ്പെട്ടത്.

Signature-ad

തോക്കുകള്‍ തിരികെ ലഭിക്കാനായി പലവട്ടം അഭ്യര്‍ഥന നടത്തിയിട്ടുണ്ടെന്നു മണിപ്പുര്‍ സര്‍ക്കാരിന്റെ വക്താവു കൂടിയായ മന്ത്രി ഡോ. സപം രഞ്ജന്‍ പറഞ്ഞു. തോക്കു മോഷ്ടിച്ചതിന് ഒരാളെപ്പോലും അറസ്റ്റ് ചെയ്യാത്ത പോലീസ്, തോക്കുകള്‍ തിരികെ നല്‍കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കില്ലെന്ന് ഉറപ്പുനല്‍കുന്നുണ്ട്.

കലാപത്തിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോഴാണ് ഏതാനും പേര്‍ തോക്കുകള്‍ തിരികെ നല്‍കിയത്. എന്നാല്‍, വീണ്ടും സംഘര്‍ഷം മൂര്‍ഛിച്ചതോടെ ആയുധങ്ങള്‍ തിരികെ ലഭിക്കുന്നില്ലെന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാത്രമല്ല, കൂടുതല്‍ കൊള്ള നടക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു ലഭിച്ചിട്ടുമുണ്ട്.

Back to top button
error: