IndiaNEWS

ഹരിയാനയിൽ മുസ്‍ലിം ഭൂരിപക്ഷ പ്രദേശത്ത് 250 കുടിലുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ തകര്‍ത്തു

ഗുഡ്ഗാവ്:വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന ഹരിയാനയില്‍ എരിതീയില്‍ എണ്ണയൊഴിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട നൂഹിലെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശത്ത് 250 കുടിലുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ തകര്‍ത്തു.

അനധികൃത കുടിയേറ്റം ആരോപിച്ചാണ് യുപി മാതൃകയില്‍ ഹരിയാന സര്‍ക്കാറിന്റെ ബുള്‍ഡോസര്‍ രാജ്.മുസ്ലീം സമുദായത്തിൽപ്പെട്ട ആളുകള്‍ കൂട്ടമായി താമസിക്കുന്ന കുടിലുകളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ തകര്‍ത്തത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ഇവിടെ നിന്നുള്ളവരാണ് എന്ന ആരോപണം ഉന്നയിച്ച്‌ കൂടിയാണ് ഒഴിപ്പിക്കല്‍ നടപടി. വിഎച്പി ഘോഷയാത്രക്ക് നേരെ ആക്രമണമുണ്ടായ മറ്റു ചില സ്ഥലങ്ങളിലും സമാനമായ ഒഴിപ്പിക്കല്‍ നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

അതിനിടെ, ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവധിയിലായിരുന്ന നുഹ് പോലീസ് സൂപ്രണ്ട് വരുണ്‍ സിംഗ്ലയെ സ്ഥലം മാറ്റി. സിംഗ്ലയെ ഭിവാനി പോലീസ് സൂപ്രണ്ടായാണ് നിയമിച്ചത്. സിംഗ്ലയുടെ അഭാവത്തില്‍ അധിക ചുമതല വഹിച്ചിരുന്ന നരേന്ദ്ര ബിജാര്‍നിയയാണ് നൂഹിന്റെ പുതിയ എസ്പി.

Back to top button
error: