തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരായ പ്രതിഷേധം ആളിക്കത്തിച്ചതിന് പിന്നില്‍ പി. ജയരാജന്റെ അനവസരത്തിലുള്ള ഇടപെടലെന്ന വിലയിരുത്തലുമായി സിപിഎം. രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് ആയുധമാക്കും വിധം വിവാദം വളര്‍ത്തിയതിന് പിന്നില്‍ ജയരാജന്റെ മോര്‍ച്ചറി പരാമര്‍ശത്തിന് വലിയ പങ്കുണ്ടെന്നാണ് ഉയരുന്ന ആരോപണം. പരമാവധി അവഗണിച്ച് വിവാദം തണുപ്പിക്കാന്‍ തീരുമാനിച്ച സിപിഎം ഇക്കാര്യത്തില്‍ തുടര്‍ പ്രസ്താവനകള്‍ വേണ്ടെന്ന് ഷംസീറിനെയും വിലക്കിയിട്ടുണ്ട്.
എറണാകുളം കുന്നത്തുനാട് മണ്ഡലത്തില്‍ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ഷംസീറിന്റെ പ്രസംഗം വിവാദമാക്കിയതും വളര്‍ത്തിയതും സംഘപരിവാര്‍ ഹാന്റിലുകളാണ്. പിന്നാലെയാണ് തലശേരി ക്യാമ്പ് ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടന്നത്. പിന്നാലെ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയുടെ കൊലവിളി പ്രസംഗവുമുണ്ടായി. കൊലവിളി പ്രസംഗം ഏറ്റുപിടിച്ച പി. ജയരാജന്റെ മറുപടി പ്രസംഗം എത്തിയത്.
സീമകള്‍ ലംഘിച്ച് വിവാദം ആളിക്കക്കത്തിയതും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് വരെ അത് ഏറ്റുപിടിക്കേണ്ടി വന്നതും ജയരാജന്റെ പ്രസംഗത്തിലൂടെയാണെന്നാണ് സിപിഎം വിലയിരുത്തല്‍. നിലപാട് ആര്‍എസ്എസിന് എതിരാകുമ്പോള്‍ പി ജയരാജന്റെ പൊതുരീതിയും ശൈലിയും ഇതാണെങ്കിലും വര്‍ഗ്ഗശത്രുക്കള്‍ക്ക് അവസരം ഉണ്ടാക്കി കൊടുക്കുന്നതായി പോയി പ്രസംഗമെന്നും അത് ഒഴിവാക്കണമായിരുന്നു എന്നും പാര്‍ട്ടിയിലെ വലിയൊരു വിഭാഗം വിശ്വസിക്കുന്നത്.
വ്യക്തി പൂജാ വിവാദത്തിലടക്കം ജയരാജനും ഷംസീറും തമ്മില്‍ നിലനിന്നിരുന്ന ഉള്‍പ്പാര്‍ട്ടി പോരിലേക്ക് സംശയം കേന്ദ്രീകരിക്കുന്നവരും സിപിഎമ്മില്‍ കുറവല്ല. കാര്യമെന്തായാലും മതസാമുദായിക വികാരങ്ങള്‍ കൂടുതല്‍ വ്രണപ്പെടുത്താതെ പ്രശ്‌നം അവസാനിപ്പിക്കാനും വിവാദ പ്രസ്താവനകളില്‍ നിന്ന് അകലം പാലിക്കാനും നേതാക്കള്‍ക്കും അണികള്‍ക്കും നിര്‍ദ്ദേശമുണ്ട്. വിവാദത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ പാടില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീറിനേയും വിലക്കിയിട്ടുണ്ട്. പിബി സിസി യോഗങ്ങള്‍ക്ക് ശേഷം അടുത്ത ആഴ്ച ചേരുന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗങ്ങള്‍ വിവാദ സാഹചര്യം വിശദമായി വിലയിരുത്തും.