വ്യാജ മയക്കുമരുന്ന് കേസില്‍ ജയിലിലായ ഷീ സ്റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്ക് പിന്തുണ അറിയിച്ച് സർക്കാർ. ചാലക്കുടിയിലെ ഷീല സണ്ണിയുടെ ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശിച്ച് സംസാരിയ്ക്കവേ മന്ത്രി എം ബി രാജേഷ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷീല സണ്ണിക്ക് ഉണ്ടായ ദുരനുഭവം മനസിലാക്കി സമയത്ത് തന്നെ ഫോണില്‍ ബന്ധപ്പെടുകയും സര്‍ക്കാരിന്റെ പിന്തുണ അറിയിക്കുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി.
ഷീല സണ്ണിയെ തെറ്റായ കേസില്‍ ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥനെ ഉടന്‍ സസ്പെന്റ് ചെയ്യുകയും അവരെ കേസിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് എക്സൈസ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ആ സമയത്ത് തന്നെ അവരെ പ്രതി പട്ടികയില്‍ നിന്നും നീക്കം ചെയ്തു. കേസിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ആരാണ് തെറ്റ് ചെയ്തതെന്ന് കണ്ടെത്തി നടപടി സ്വീകരിക്കും. ഇത്തരമൊരു സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള നിർദേശങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു .
വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ എക്സൈസ് വകുപ്പിനെ ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ജാഗ്രതയോടെ കേസ് അന്വേഷിക്കണമെന്ന് എക്സൈസ് വകുപ്പിനു നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം അനുഭവങ്ങൾ ആർക്കും നേരിടാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം അടഞ്ഞുകിടന്ന ഷീല സണ്ണിയുടെ പുതിയ ബ്യൂട്ടി പാർലർ പ്രവർത്തനം ആരംഭിച്ചിരുന്നു. ആറ് മാസത്തോളമായി പുട്ടിയിട്ടിരിക്കുകയായിരുന്ന ഷീ സ്റ്റൈൽ ബ്യൂട്ടി പാർലർ ആണ് പുതിയതായി ആരംഭിച്ചത്. ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫാണ് ബ്യുട്ടി പാർലർ ഉദ്ഘാടനം ചെയ്യതത്. മലപ്പുറം കേന്ദ്രമാക്കിയ സന്നദ്ധ സംഘടനയാണ് ബ്യുട്ടി പാർലർ വീണ്ടും തുറക്കാൻ ഷീലയ്ക്ക് സഹായം നൽകിയത്
മാരക മയക്കു മരുന്നായ എൽ എസ് ഡി സ്റ്റാമ്പ് കൈവശം വച്ചതായും വിൽപ്പന നടത്താൻ ശ്രമിച്ചതായുമുള്ള വ്യാജ കേസിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ബ്യൂട്ടി പാർലർ ഉടമായ ഷീല സണ്ണിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചെയ്യാത്ത കുറ്റത്തിന് 72 ദിവസം ഷീല ജയിലിൽ കഴിഞ്ഞു. ശാസ്ത്രീയ പരിശോധനയിൽ എൽ എസ് ഡി സ്റ്റാമ്പുകളല്ലെന്ന് തെളിഞ്ഞതോടെയാണ് വ്യാജകേസാണെന്ന് വ്യക്തമായത്. തുടർന്നാണ് ഷീല സണ്ണി ജയിൽ മോചിതയായത്. ഷീല സണ്ണിക്കെതിരായുള്ള വ്യാജ ലഹരി കേസ് കെട്ടിച്ചമച്ചത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ പങ്കുണ്ടെന്ന് സർക്കാരിനും വ്യക്തമായിട്ടുണ്ട്