പത്തനംതിട്ട:ജില്ലാ ആസ്ഥാനത്തെ ആദ്യ മേൽപ്പാലമായ അബാൻ മേല്‍പ്പാലത്തിന്റെ ആദ്യ സ്ലാബ് കോണ്‍ക്രീറ്റ് ചെയ്തു.ബസ് സ്റ്റാൻഡിന് സമീപം മേല്‍പ്പാലത്തിന്റെ ഏറ്റവും മുകളിലുള്ള കോണ്‍ക്രീറ്റ് ബോക്സ് ഗര്‍ഡര്‍ സ്ലാബിടലാണ് പൂര്‍ത്തിയായത്.
ഒരു സ്ലാബിന് മുപ്പത് മീറ്ററാണ് നീളം. ഇരുപത്തൊന്നു തൂണുകളിലായി ഇരുപത് സ്ലാബാണ് മേല്‍പ്പാലത്തിനുള്ളത്. റിംഗ് റോഡ് മുതല്‍ അബാൻ ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് സ്ലാബിന്റെ നിര്‍മ്മാണം നടക്കുന്നത്. 120 ക്യുബിക് മീറ്റര്‍ സ്ലാബാണ് ആകെയുള്ളത്.
കിഫ് ബി പദ്ധതിയില്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലം ജില്ലാ ആസ്ഥാനത്തെ ആദ്യത്തേതാണ്. 46.50 കോടി രൂപയാണ് ചെലവ്. 611.8 മീറ്റര്‍ നീളത്തിലാണ് മേല്‍പ്പാലം നിര്‍മ്മാണം നടക്കുന്നത്. 92 പൈലിംഗാണ് ആകെയുള്ളത്. 82 എണ്ണം ഇതുവരെ പൂര്‍ത്തിയായി. അഞ്ചര മീറ്റര്‍ സര്‍വീസ് റോഡ് നാലര മീറ്ററായി കുറച്ചിട്ടുണ്ട്. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മ്മാണച്ചുമതല.