കോട്ടയം: സി.എം.എസ് കോളേജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും മൂന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് 3.30-നായിരുന്നു സംഭവം.
കോളേജിലെ പ്രവേശനോത്സവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. എന്നാല്‍ തങ്ങള്‍ കോളേജില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിക്കിടെ കെ.എസ്.യു. പ്രവര്‍ത്തകര്‍ അവരുടെ പരിപാടി സംഘടിപ്പിക്കാന്‍ ശ്രമിച്ചതാണ് വാക്കേറ്റത്തിന് കാരണമായതെന്ന് എ.എഫ്.ഐ. പ്രവര്‍ത്തകരുടെ ആരോപണം.
പരിക്കേറ്റ പ്രവര്‍ത്തകരെ കോട്ടയം ജില്ലാ ആശുപത്രിയിലെത്തിച്ചതിനിടയില്‍ അവിടെ വച്ചും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് പിന്നാലെ കെ.എസ്.യു. പ്രവര്‍ത്തകരും എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.
പോലീസ് എത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. കണ്ടാലറിയാവുന്ന 125 പ്രവര്‍ത്തകര്‍ക്കെതിരെ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്. നിലവില്‍ ആരും ചികിത്സയിലില്ലെന്നാണ് വിവരം.