KeralaNEWS

കൃഷി ചെയ്യാന്‍ വെള്ളം ലഭിക്കുന്നില്ല; പഞ്ചായത്ത് ഓഫീസിന് മുകളില്‍കയറി കര്‍ഷകന്റെ ആത്മഹത്യാഭീഷണി

കോട്ടയം: കൃഷി ചെയ്യാന്‍ വെള്ളം ലഭിക്കാത്തതിനാല്‍ പഞ്ചായത്ത് ഓഫീസിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണിയുമായി കര്‍ഷകന്‍. കോട്ടയം തിരുവാര്‍പ്പ് പഞ്ചായത്തിലെ ബിജു എന്ന കര്‍ഷകനാണ് ആത്മഹത്യ ഭീഷണി നടത്തിയത്. പാടശേഖരത്തിലേക്ക് കൃഷി ആവശ്യത്തിന് വെള്ളം ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ബിജു പഞ്ചായത്ത് ഓഫീസിനു മുകളില്‍ കയറി കഴുത്തില്‍ കയറിട്ട് ആത്മഹത്യ ഭീഷണി മുഴക്കുന്നത്.

കൂവപ്പുറം പാടശേഖരത്തില്‍ ബിജുവിന്റെ 1.32 ഏക്കര്‍ വയലിനോട് ചേര്‍ന്നുള്ള വാച്ചാല്‍ അടഞ്ഞതിനാല്‍ നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു. സമീപ പാടശേഖരത്തിന്റെ ഉടമയാണ് വാച്ചാല്‍ അടച്ചതെന്നാണു പരാതി. ഇതേത്തുടര്‍ന്ന് ബിജുവിന് വയലില്‍ കൃഷി ഇറക്കാന്‍ കഴിയുന്നില്ല. വെള്ളം കിട്ടാതെ നെല്‍ച്ചെടികള്‍ നശിക്കുന്നുവെന്നും കൃഷി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബിജു പഞ്ചായത്ത് അധികൃതര്‍ക്കും കൃഷി ഓഫിസര്‍ക്കും പരാതി നല്‍കിയിരുന്നു.

Signature-ad

വര്‍ഷങ്ങളായി ആവശ്യം ഉന്നയിക്കുന്നുവെന്നും നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ലെന്ന് ആരോപിച്ചാണ് ആത്മഹത്യ ഭീഷണി. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കുവാനുള്ള ശ്രമം തുടരുകയാണ്.

Back to top button
error: