Social MediaTRENDING

യൂണിഫോമില്‍ ബൈക്ക് അഭ്യാസം വൈറലായി; പോലീസുകാരന്‍ എയറിലും!

ബൈക്കിലും കാറിലുമുള്ള അഭ്യാസങ്ങള്‍ റീലാക്കി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതാണ് ഇപ്പോള്‍ യുവാക്കള്‍ക്കിടയിലെ രീതി. അപകടകരമായ ഡ്രൈവിങ്ങും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഇതില്‍ പലര്‍ക്കും ഭാരിച്ച തുക പോലീസും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും പിഴ നല്‍കാറുമുണ്ട്. എന്നാല്‍, വേലി തന്നെ വിളവ് തിന്നുന്നു എന്ന് പറയുന്നത് പോലെ പോലീസ് തന്നെ ഇത്തരത്തില്‍ മാസ് ഡ്രൈവിങ്ങ് നടത്തി റീല്‍ ആക്കിയാല്‍ എന്ത് ചെയ്യും.

ഉത്തര്‍പ്രദേശിലാണ് സംഭവം. പോലീസ് യൂണിഫോം അണിഞ്ഞ് ബൈക്കുമായി നിരത്തില്‍ സ്റ്റണ്ട് നടത്തുകയും അത് വീഡിയോ ആക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്തത്. എന്നാല്‍, വീഡിയോ വൈറലാകുകയും അത് അയാള്‍ക്ക് തന്നെ പാരയായി. ജനങ്ങളെ അച്ചടക്കം പഠിപ്പിക്കുന്നവര്‍ തന്നെ ഇത്തരത്തില്‍ അഭ്യാസം കാണിക്കുന്നുവെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.

Signature-ad

ഒടുവില്‍ വീഡിയോ പോസ്റ്റുചെയ്ത സന്ദീപ് കുമാര്‍ ചൗബെ എന്ന പോലീസ് കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ് പോലീസ്. പോലീസ് യൂണിഫോമില്‍ ഡ്യൂട്ടിയില്‍ ഇരിക്കെ നിയമവിരുദ്ധമായി ബൈക്ക് അഭ്യാസം നടത്തിയതിനാണ് സന്ദീപിനെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തെ കുറിച്ച് വിശദ്ധമായ അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പോലീസ് ഉദ്യോഗസ്ഥര്‍ സാമൂഹിക മാധ്യമങ്ങളില്‍ പേഴ്സണല്‍ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കുന്നത് ഉത്തര്‍പ്രദേശ് പോലീസ് വകുപ്പ് നിരോധിച്ചിട്ടുള്ളതാണ്. ഫെബ്രുവരി എട്ടാം തീയതി ഇത് സംബന്ധിച്ച നിര്‍ദേശവും നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ നിര്‍ദേശത്തിന്റെ നേരിട്ടുള്ള ലംഘനമാണ് സന്ദീപ് നടത്തിയിരിക്കുന്നത്.

എന്നാല്‍, ഉത്തര്‍പ്രദേശില്‍ ഇതാദ്യമായല്ല സമാനമായ കുറ്റത്തിന് പോലീസ് ഉദ്യോഗസ്ഥന്‍ നടപടി നേരിടുന്നത്. ഡോംഗര്‍ഗഡ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന സുരേന്ദ്ര സ്വര്‍ണകര്‍ ആണ് ഇതിനുമുമ്പ് നടപടി നേരിട്ട ഉദ്യോഗസ്ഥന്‍. സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പിനിടെ വാഹനത്തില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തികള്‍ നടത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരേ നടപടി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Back to top button
error: