കൊല്ലം: വിവാദ പ്രസ്താവനയില്‍ എന്‍.എസ്.എസ്. സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ പ്രതിഷേധിക്കുന്നതിനിടെ അദ്ദേഹത്തെ അനുകൂലിച്ച് ക്ഷേത്രത്തില്‍ വഴിപാട് നടത്തി എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ്. കൊല്ലം ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ അസുരമംഗലം കരയോഗം പ്രസിഡന്റ് അഞ്ചല്‍ ജോബാണ് സ്പീക്കര്‍ക്കുവേണ്ടി ശത്രുസംഹാര അര്‍ച്ചന നടത്തിയത്.
”ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന് വേണ്ടി, അത് കുത്തിപ്പൊക്കെ സമുദായങ്ങള്‍ക്കിടിയില്‍ അഭിപ്രായവ്യത്യാസമുണ്ടാക്കി ശത്രുതാ മനോഭാവം കൊണ്ടുവരുന്നത് ശരിയല്ല. സമുദായ പ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനവുമായി കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല. ബഹുമാന്യനായ സുകുമാരന്‍ നായര്‍ സര്‍ ക്ഷേത്രത്തില്‍പ്പോയി അര്‍ച്ചന നടത്തണമെന്ന് പറഞ്ഞു. അതുകൊണ്ട് എ.എന്‍. ഷംസീറിന് വേണ്ടി ശത്രുസംഹാര അര്‍ച്ചന നടത്തി തിരകെ പോവുകയാണ്. സമുദായം വേറെ രാഷ്ട്രീയം വേറെ” -അഞ്ചല്‍ ജോബ് പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മണികണ്ഠേശ്വര മഹാദേവ ക്ഷേത്രത്തിലാണ് അഞ്ചല്‍ ജോബ് ശത്രുസംഹാര അര്‍ച്ചന നടത്തിയത്. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ജന്മനക്ഷത്രം ആയില്യം എന്ന് രേഖപ്പെടുത്തിയാണ് വഴിപാട്. കേരള കോണ്‍ഗ്രസ് ബി നേതാവാണ് അഞ്ചല്‍ ജോബ്.
ഷംസീറിന്റെ വിവാദപ്രസംഗത്തില്‍ എ.എന്‍.എസ്. നിലപാടിനൊപ്പമാണ് താനെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. വ്യക്തമാക്കിയിരുന്നു. എന്‍.എസ്.എസ്. പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റായ ഗണേഷ്‌കുമാര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ്. ഷംസീര്‍ പരാമര്‍ശം പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചും ഈശ്വരവിശ്വാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായും ബുധനാഴ്ച വിശ്വാസ സംരക്ഷണദിനമായി ആചരിക്കാന്‍ എന്‍.എസ്.എസ്. ആഹ്വാനം ചെയ്തിരുന്നു. രാവിലെ എന്‍.എസ്.എസ്. പ്രവര്‍ത്തകരും വിശ്വാസികളും ഗണപതിക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തി. ഇതിന്റെ ഭാഗമായി പങ്കെടുത്തതിന് ശേഷമാണ് അഞ്ചല്‍ ജോബ് സ്പീക്കര്‍ക്ക് അനുകൂലമായി വഴിപാട് നടത്തിയത്.
എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കോട്ടയം വാഴപ്പിള്ളി ക്ഷേത്രത്തിലെത്തി പ്രാര്‍ഥനയും വഴിപാടും നടത്തി. തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെ നാമജപഘോഷയാത്രയ്ക്കും എന്‍.എസ്.എസ്. ആഹ്വാനംചെയ്തിട്ടുണ്ട്.