മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെതിരായ ഭരണകൂട നടപടി ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നിരക്കുന്നതല്ലെന്ന് രാഷ്ട്രീയ- സാംസ്‌കാരിക പ്രവര്‍ത്തകര്‍. അദ്ദേഹത്തിനെതിരായ നിയമ നടപടികള്‍ റദ്ദാക്കി നിരുപാധികം തടവില്‍നിന്ന് മോചിപ്പിക്കണമെന്ന് കേരളത്തിലെ പ്രമുഖരായ 77 രാഷ്ട്രീയ- സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പ്രസ്താവനയുടെ പൂര്‍ണരൂപം:
‘നിലമ്പൂരിലെ കരുളായിയില്‍ 2016-ല്‍ നടന്ന പോലീസ് വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അവരുടെ മൃതദേഹം ബന്ധുക്കള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും കാണാനുള്ള അവകാശം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോലീസ് നിഷേധിച്ചതിനെ സമാധാനപരമായി ചോദ്യം ചെയ്തതിന് പ്രതികാരമായി പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ 7 വര്‍ഷത്തിനു ശേഷം മനുഷ്യാവകാശ – ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായ ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്
അനീതിയെ ചോദ്യം ചെയ്യുകയെന്നത് ജനാധിപത്യ അവകാശമാണെന്നും ഒരു കുറ്റവും ചെയ്യാത്തയാള്‍ എന്തിനാണ് പിഴയൊടുക്കേണ്ടത് എന്നുമുള്ള ചോദ്യമാണ് വാസു കഴിഞ്ഞ ദിവസം കോടതിയുടെ മുന്നില്‍ ഉന്നയിച്ചത്. നിയമപരിപാലനത്തിന്റെ സാങ്കേതികയില്‍ മാത്രം അഭിരമിക്കുന്നവര്‍ക്ക് ആ ചോദ്യം മുന്നോട്ടു വയ്ക്കുന്ന നൈതികവും ധാര്‍മികവുമായ രാഷ്ട്രീയം ഒരു പക്ഷെ മനസ്സിലാവണമെന്നില്ല. കേരളത്തില്‍ 2016 മുതല്‍ നടന്ന എട്ടു കൊലപാതകങ്ങളെ മുന്നില്‍ നിര്‍ത്തി കുറ്റവും നിരപരാധിത്വവുമെന്ന വിഷയത്തെ തന്റെ ചോദ്യത്തിലൂടെ 94 വയസ്സുകാരനായ ഗ്രോ വാസുവെന്ന വാസുവേട്ടന്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നു. നിരപരാധിത്വം എന്നാല്‍ നിഷ്‌ക്രിയത അല്ലെന്നും അപരാധങ്ങള്‍ക്ക് എതിരെയുള്ള പ്രതിഷേധവുമാണ് എന്നുമുള്ള രാഷ്ട്രീയം അതുവഴി അദ്ദേഹം ഉയര്‍ത്തുന്നു.
അപരാധങ്ങള്‍ക്കും അനീതികള്‍ക്കും എതിരെയുള്ള വൈവിധ്യങ്ങളായ പ്രതിഷേധങ്ങളിലൂടെയാണ് ജനാധിപത്യഭാവനകള്‍ സാര്‍ത്ഥകമായ രാഷ്ട്രീയമായി മാറുന്നതെന്ന് ചരിത്രം പഠിപ്പിക്കുന്നു. അനീതികള്‍ക്കും അപരാധങ്ങള്‍ക്കും എതിരെ ഉയരുന്ന പ്രതിഷേധങ്ങളിലൂടെ തെളിയുന്ന ജനാധിപത്യഭാവനകളുടെ മറുവശത്തായിരുന്നു എല്ലാക്കാലത്തും ഭരണകൂടം. അതിന്റെ മറ്റൊരു ഉദാഹരണമാണ് വാസുവേട്ടന് എതിരായ കേസ്സും നിയമനടപടികളും. വാസുവേട്ടന് എതിരായ ഭരണകൂട നടപടി ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നിരക്കുന്നതല്ലെന്ന് ഞങ്ങള്‍ കരുതുന്നു. അദ്ദേഹത്തിന് എതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും, കൈക്കൊണ്ട നടപടികള്‍ റദ്ദു ചെയ്യണമെന്നും അദ്ദേഹത്തെ നിരുപാധികം തടവില്‍ നിന്നും മോചിപ്പിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.’
ബി.ആര്‍.പി ഭാസ്‌ക്കര്‍, കെ.കെ രമ, ഡോ എം കുഞ്ഞാമന്‍, കെ. അജിത, ജെ. ദേവിക, സാറാ ജോസഫ്, ബി. രാജീവന്‍, കല്പറ്റ നാരായണന്‍, എം.എന്‍ കാരശ്ശേരി, എം.എന്‍ രാവുണ്ണി, കുരീപ്പുഴ ശ്രീകുമാര്‍, അംബികാസുതന്‍ മാങ്ങാട് തുടങ്ങി 77 പേരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പു വച്ചിട്ടുള്ളത്.
ഇതിനിടെ ജാമ്യം വേണ്ടെന്ന നിലപാടിൽ കോഴിക്കോട് സബ് ജയിലില്‍ കഴിയുന്ന ഗ്രോ വാസു ജയിലില്‍ പോകാന്‍ തയ്യാറായത് ഒരു സമരമുറയാണെന്നും ഈ സമരം വിജയിക്കുമെന്നും, തീരുമാനത്തില്‍ നിന്ന് പിറകോട്ട് പോകുകയോ വിട്ടുവീഴ്ച ചെയ്യുകയോ ഇല്ലെന്നും വ്യക്തമാക്കി. തറയില്‍ കിടക്കുന്നതിന്റെ ബുദ്ധിമുട്ടുകളും നേരത്തെ നട്ടെല്ലിനേറ്റ പരിക്കുകളും അലട്ടുന്നുണ്ടെങ്കിലും അതൊന്നും തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാനുള്ള കാരണമാകില്ലെന്നും 94 വയസ്സുള്ള അദ്ദേഹം പറഞ്ഞു.
കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയ ഗ്രോ വാസുവിനെ സ്വന്തം ജാമ്യത്തില്‍ വിടാമെന്ന് കോടതി അറിയിച്ചെങ്കിലും അദ്ദേഹം ജാമ്യം വേണ്ടെന്ന് നിലപാടെടുത്തു. മെഡിക്കല്‍ കോളജ് പൊലീസും അഭിഭാഷകകരും ഉറ്റസുഹൃത്ത് മോയിന്‍ ബാപ്പുവും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലവത്തായില്ല.
പണം കെട്ടിവെച്ച് ജാമ്യമെടുക്കുക എന്നാല്‍ കുറ്റം സമ്മതിക്കലിന് തുല്യമാണെന്നും താന്‍ കുറ്റമൊന്നും ചെയ്തില്ലെന്നുമായിരുന്നു കോടതിക്ക് പുറത്തും അദ്ദേഹത്തിന്റെ നിലപാട്.