KeralaNEWS

കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറുടെ സദാചാര ഗുണ്ടായിസം

തിരുവനന്തപുരം:ബന്ധുവുമൊത്ത്‌ യാത്രചെയ്‌ത യുവാവിനോട്‌ കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറുടെ സദാചാര ഗുണ്ടായിസം. ബസില്‍ കണ്ടക്ടറുടെ മർദനമേറ്റ വെങ്ങാനൂർ സിസിലിപുരം മകയിരത്തിൽ ഋതിക് എം കൃഷ്ണ (23)നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെഎസ്ആർടിസി വെള്ളറട ഡിപ്പോയിലെ കണ്ടക്ടറും ബിഎംഎസ്‌ യൂണിറ്റ് സെക്രട്ടറിയുമായ സുരേഷ് കുമാറാണ് യുവാവിനെ മർദിച്ചത്.ശനി രാവിലെ പത്തോടെ തമ്പാനൂരിൽനിന്ന് വെള്ളറടയിലേക്ക് വന്ന ബസിലാണ്‌ സംഭവം. ഋതിക്കും ബന്ധുവായ പെൺകുട്ടിയുമൊന്നിച്ച് തമ്പാനൂരിൽനിന്ന് ഒരേ സീറ്റിൽ യാത്ര ചെയ്ത് വരികയായിരുന്നു. ഇത് ഇഷ്ടപ്പെടാതെ കണ്ടക്ടർ സുരേഷ്‌ പലതവണ ഇവരെ രൂക്ഷമായി നോക്കുകയും മാറിയിരിക്കാൻ ആവശ്യപ്പെടുകയുംചെയ്തു. കാട്ടാക്കട സ്റ്റാൻഡിൽ ഇരുവരും ഇറങ്ങാൻ തുടങ്ങവെ സുരേഷ്‌ ഋതിക്കിനെ തെറി വിളിച്ചു. ഇത് ചോദ്യംചെയ്തതോടെ ഋതിക്കിനെ ഷർട്ടിൽ പിടിച്ച് വലിച്ച്‌ നെഞ്ചിൽ കൈചുരുട്ടി ഇടിച്ചു. തലയിൽ ടിക്കറ്റ് റാക്ക് കൊണ്ട് അടിക്കുകയും അടിവയറ്റിൽ ചവിട്ടിവീഴ്‌ത്തുകയും ചെയ്തു. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. സ്ഥലത്തെത്തിയ പൊലീസിനോട്‌ യുവാവ് തന്നെ മർദിച്ച്‌ ബാഗ് പിടിച്ചുപറിക്കാൻ ശ്രമിച്ചതായി കണ്ടക്ടർ പറഞ്ഞു.
 ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെ ആരോപണങ്ങളുമായി കണ്ടക്ടര്‍ കാട്ടാക്കട പൊലീസിൽ പരാതിനല്‍കി. എന്നാൽ, ബസിലെ അക്രമദൃശ്യങ്ങൾ ഒരാൾ പകർത്തിയിരുന്നു. ഇത് പ്രചരിച്ചതോടെയാണ് സത്യാവസ്ഥ പുറത്തറിയുന്നത്.  കാട്ടാക്കട എസ്‌ ഐ ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി ഋതിക് കൃഷ്ണന്റെ മൊഴിയെടുത്തു.
അതേസമയം കേസെടുത്തെങ്കിലും‌ കണ്ടക്ടർ സുരേഷിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സുരേഷിനെതിരെ മുമ്പും യാത്രക്കാർ പരാതിപ്പെട്ടിട്ടുണ്ട്‌. ഏതാനും മാസം മുൻപ് പൊട്ടൻകാവ് ജങ്‌ഷനിൽവച്ച് രാത്രി സ്റ്റോപ്പിൽ നിർത്താൻ ആവശ്യപ്പെട്ടതിന്‌ വൃദ്ധനെ ഇയാൾ കയ്യേറ്റം ചെയ്‌തിരുന്നു. ഈ സംഭവത്തിൽ സസ്പെൻഷനിലായ സുരേഷ് വാദിയുമായി ഒത്തുതീർപ്പിലെത്തിയതോടെയാണ്‌ ജോലിയിൽ പ്രവേശിച്ചത്‌.

Back to top button
error: