കോന്നിക്കാരുടെ പ്രിയപ്പെട്ട സുരേന്ദ്രനെ കുങ്കി പരിശീലനത്തിനായാണ് മുതുമല ചെപ്പുകാട് ആന പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. ഇതിന്റെ പേരില്‍ കോന്നിയില്‍ പ്രതിഷേധ സമരങ്ങള്‍ വരെ നടന്നിരുന്നു.
പരിശീലനം പൂര്‍ത്തിയാക്കിയതിനു ശേഷം സുരേന്ദ്രനെ കോന്നിയിലേക്ക് മടക്കിയെത്തിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ കുങ്കി പരിശീലനത്തിന് കൊണ്ടുപോയത്.എന്നാലിപ്പോള്‍ അഞ്ച് വര്‍ഷത്തിന് ശേഷമാണ് കോന്നി സുരേന്ദ്രൻ കോന്നിയിലേക്ക് തിരികെ എത്തുന്നത്.
1999ല്‍ റാന്നി രാജാമ്പാറയില്‍ നിന്നാണ് ഒരു വയസ്സ് മാത്രം പ്രായമുള്ള കുട്ടി കൊമ്പനെ വനം വകുപ്പിന് ലഭിക്കുന്നത്. തുടർന്ന് ഈ കൊച്ചു കൊമ്പനെ കോന്നി ആന വളര്‍ത്തല്‍ കേന്ദ്രത്തില്‍ എത്തിച്ച് സുരേന്ദ്രന്‍ എന്ന പേരിട്ടു. സ്ഥലപേര് കൂടി ചേർത്തപ്പോൾ അങ്ങനെ അവന്‍ കോന്നി സുരേന്ദ്രനായി.
നല്ല തലയെടുപ്പോടെ അവൻ വളർന്നു. ഒന്‍പതു അടിയോട് അടുത്ത് ഉയരമുള്ള ലക്ഷണമൊത്ത കൊമ്പൻ അതായിരുന്നു കോന്നി സുരേന്ദ്രൻ. അവൻ്റെ ആരാധകര്‍ നവ മാധ്യമങ്ങളിൽ നിരവധിയായിരുന്നു അതിനാൽ അവർ അവന്‍റെ പേരില്‍ ഫേസ്ബുക്ക് പേജും ആരംഭിച്ചു.സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനുദിനം നിരവധി പേരാണ് സുരേന്ദ്രൻ്റെ മേന്മ കേട്ടറിഞ്ഞ് അവനെ കാണാനായി എത്തിക്കൊണ്ടിരുന്നത്.
ഇതിനിടയിലാണ് ഞെട്ടിക്കുന്ന ആ വിവരം പുറത്തു വരുന്നത്. സുരേന്ദ്രനെ തമിഴ്‌നാട്ടിലെ മുതുമലയിലേക്കു കൊണ്ടുപോകുന്നു . കാടിറങ്ങി വരുന്ന കാട്ടാനകളെ തുരത്താന്‍ പരിശീലനം ലഭിച്ച കുങ്കിയാനകളെ വേണം.കോന്നിയില്‍ നിന്നു സുരേന്ദ്രനെയും കോടനാട് ആന പരിശീലന കേന്ദ്രത്തില്‍ നിന്നു നീലകണ്ഠന്‍ എന്ന ആനയെയും അയക്കാനായിരുന്നു വനം വകുപ്പിന്റെ തീരുമാനം.
കോന്നി സുരേന്ദ്രനെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ഇടയിൽ നിന്നും വലിയ പ്രതിഷേധമാണ് അധികൃതർക്ക് നേരിടേണ്ടി വന്നത് .അന്ന് കോന്നി എംഎല്‍എയായിരുന്ന അടൂര്‍ പ്രകാശിന്‍റെ നേതൃത്വത്തില്‍ സുരേന്ദ്രനെ കൊണ്ടുപോകാനുള്ള ആദ്യ ശ്രമം തടഞ്ഞു. പക്ഷെ ജനങ്ങളുടെ പ്രതിഷേധങ്ങളെ അവഗണിച്ച് 2018 ജൂണ്‍ 12 നു സുരേന്ദ്രന്നെ കോന്നിയില്‍ നിന്നും മുതുമലയില്‍ എത്തിച്ചു.
മന്ത്രി കെ രാജു ഇടപെട്ട് പരിശീലനം പൂർത്തിയാക്കി സുരേന്ദ്രനെ കോന്നിയിൽ എത്തിക്കാമെന്ന ഉറപ്പിന്‍റെ അടിസ്ഥാനത്തിലായിരുന്നു അത്.മൂന്നു മാസമായിരുന്നു മുതുമലയിലെ കുങ്കി പരിശീലനം. അതു കഴിഞ്ഞാല്‍ കോന്നിയില്‍ തിരിച്ചെത്തുമെന്നായിരുന്നു ആനപ്രേമികളുടെ പ്രതീക്ഷ എന്നാൽ 2018 സെപ്തംബര്‍ അവസാനത്തോടെ മുതുമലയിലെ പരിശീലനം വിജകരമായി അവസാനിച്ചു. പക്ഷേ സുരേന്ദ്രന്‍ കോന്നിയില്‍ തിരിച്ചെത്തിയില്ല.പകരം സുരേന്ദ്രനെ മുത്തങ്ങയിലേക്ക് കൊണ്ടുപോയി അവിടെ നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്തി ഓടിക്കലായിരുന്നു സുരേന്ദ്രന്‍റെ ജോലി.അഞ്ച് വർഷങ്ങൾക്കിപ്പുറം കോന്നിക്കാർ കാത്തിരിക്കുകയാണ്, ഓണമുണ്ണാനെത്തുന്ന തങ്ങളുടെ സുരേന്ദ്രനായി…