KeralaNEWS

കോഴിക്കോട് യൂത്ത് കോൺഗ്രസ് മാർച്ച് തടയാൻ പോലീസ് ബാരിക്കേഡ് വച്ചു; അത്യാസന്ന നിലയിലായ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് കുടുങ്ങി

കോഴിക്കോട്: അത്യാസന്ന നിലയിലായ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് പൊലീസ് ബാരിക്കേഡിന് മുന്നിൽ കുടുങ്ങി. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന് മുന്നിലെ റോഡിന് കുറുകെ സ്ഥാപിച്ച ബാരിക്കേഡിന് മുന്നിലാണ് ആംബുലൻസ് കുടുങ്ങിയത്. ബാരിക്കേഡ് അഴിക്കാൻ പൊലീസുകാർക്ക് കഴിഞ്ഞില്ല. ഇതോടെ ആംബുലൻസ് വളഞ്ഞ വഴിയിലൂടെ ആശുപത്രിയിലേക്ക് പാഞ്ഞു.

കോഴിക്കോട് യൂത്ത് കോൺഗ്രസ് മാർച്ച് തടയാനാണ് രാവിലെ 10 മണി മുതൽ ബാരിക്കേഡ് കെട്ടിവച്ച് റോഡ് ഗതാഗതം തടഞ്ഞത്. ഇവിടേക്ക് രോഗിയുമായി എത്തിയ ആംബുലൻസാണ് കുടുങ്ങിയത്. കുറച്ച് സമയം ബാരിക്കേഡ് മാറ്റാൻ ഡ്രൈവർ പൊലീസുകാരോട് ആവശ്യപ്പെട്ടിരുന്നു. തൊട്ടടുത്തുള്ള ആളുകളും ബാരിക്കേഡ് മാറ്റാൻ പൊലീസിനോട് പറയുന്നുണ്ട്. എന്നാൽ കുറച്ച് സമയം കാത്തിരുന്ന ശേഷം ആംബുലൻസ് മടങ്ങിപ്പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

Signature-ad

വാഹനങ്ങൾ വഴിതിരിച്ചുവിടാനുള്ള സൂചനാ ബോർഡ് വച്ചിരുന്നുവെന്നും ഇത് ശ്രദ്ധിക്കാതെയാണ് ആംബുലൻസ് ഡ്രൈവർ വന്നതെന്നുമാണ് പൊലീസിന്റെ വിശദീകരണം. ആംബുലൻസിനെ കടത്തിവിടാൻ കയർ അഴിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് പൊലീസ് വാദിക്കുന്നു. അതേസമയം കിലോമീറ്ററുകളോളം വളഞ്ഞ് പാഞ്ഞ ആംബുലൻസ് ഒളവണ്ണ – കൊളത്തറ വഴിയാണ് ആശുപത്രിയിലേക്ക് പോയത്. ആശുപത്രിയിലേക്ക് പത്ത് മിനിറ്റിൽ എത്താവുന്ന ദൂരത്തിൽ നിന്നാണ് അധിക സമയം പാഞ്ഞുപോകേണ്ടി വന്നത്. ശുചിമുറിയിൽ കാൽതെന്നി വീണ 90കാരിയായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

Back to top button
error: