ലോട്ടറി പലരുടെയും ജീവിതം മാറ്റി മറിച്ചിട്ടുണ്ട്. ആദ്യമായി ഭാഗ്യം പരീക്ഷിച്ചവരും എന്നും ലോട്ടറി എടുക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. നിനച്ചിരിക്കാതെ ഭാഗ്യം കൈവന്നവരും കുറവല്ല. ഇത്തരത്തിൽ ലോട്ടറികളിലൂടെ ഒറ്റദിവസം കൊണ്ട് ജീവിതം മാറിയ നിരവധി പേരുടെ വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ യുഎഇയിൽ നിന്നും പുറത്തുവരുന്നത്.
ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ആദിൽ ഖാനാണ് ഭാഗ്യം തുണച്ചത്. അതും അപൂർവ ഭാഗ്യം. അഞ്ചര ലക്ഷത്തിലേറെ രൂപ (25,000 ദിർഹം) പ്രതിമാസം ഇയാളുടെ അക്കൗണ്ടിലേക്ക് വരും. അതും 25 വർഷം. എമിറേറ്റ്സ് ഡ്രോയുടെ ഫാസ്റ്റ് 5 നറുക്കെടുപ്പിലൂടെയാണ് ഈ ഭാഗ്യം മുഹമ്മദ് സ്വന്തമാക്കിയിരിക്കുന്നത്. സമ്മാനത്തിൻറെ ആദ്യ ഗഡു അദ്ദേഹത്തിന് അധികൃതർ കൈമാറി.
ഷാർജയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഇന്റീരിയർ ഡിസൈൻ കൺസൾട്ടന്റായി ജോലി ചെയ്യുകയാണ് മുഹമ്മദ് ആദിൽ. 25 ദിർഹം വീതം വിലവരുന്ന അഞ്ച് ടിക്കറ്റുകളാണ് മുഹമ്മദ് എടുത്തത്. എന്നാൽ ടിക്കറ്റ് എടുത്ത കാര്യം ഇയാൾ മറന്നിരിക്കുക ആയിരുന്നു. എമിറേറ്റ്സ് നറുക്കെടുപ്പ് സംഘാടകനിൽ നിന്ന് ഫോൺവിളി എത്തിയപ്പോഴാണ് അക്കാര്യം ഓർത്തത്. നിനച്ചിരിക്കാതെ കിട്ടിയ ഭാഗ്യം ആദ്യം വിശ്വസിക്കാൻ സാധിച്ചില്ലെന്ന് മുഹമ്മദ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
2018ൽ സൗദിയിൽ എത്തിയ ആളാണ് മുഹമ്മദ് ആദിൽ. ശേഷമാണ് ദുബായിലെത്തിയത്. മൂത്ത സഹോദരൻ കൊവിഡ് ബാധിച്ച് മരിച്ചതോടെ എട്ട് പേരടങ്ങുന്ന കുടുംബത്തിന്റെ സംരക്ഷണം ഇദ്ദേഹത്തിന്റേതായി. ഏറെ വെല്ലുവിളികൾ നിറഞ്ഞ സമയത്തെ അതിജീവിച്ച് കയറിയപ്പോഴാണ് മുഹമ്മദിനെ തേടി ഭാഗ്യം എത്തിയിരിക്കുന്നത്. അർഹതപ്പെട്ട കരങ്ങളിലാണ് ഭാഗ്യം തുണച്ചതെന്നാണ് മുഹമ്മദിന്റെ വാർത്തകേട്ട ഏവരും ഇപ്പോൾ പറയുന്നത്.