KeralaNEWS

കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിന്‍റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷണം

ദില്ലി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയ വർഗീസിൻറെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷണം. വിധി ഒരു പരിധി വരെ തെറ്റെന്നാണ് കോടതി വാക്കാൽ നിരീക്ഷിച്ചത്. എന്നാൽ നിയമനത്തിൽ തല്ക്കാലം ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിയമനത്തിനെതിരെ യുജിസിയും ജോസഫ് സ്കറിയയും നല്കിയ ഹർജികൾ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, കെവി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബഞ്ച് ഈ നിരീക്ഷണം നടത്തിയത്. നിയമനം കേസിലെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും കോടതി അറിയിച്ചു. തൻറെ നിയമനനടപടികൾ പൂർത്തിയായതായി പ്രിയ വർഗീസ് കോടതിയെ അറിയിച്ചു.

നിയമനം തല്ക്കാലം റദ്ദാക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹ‍ർജിയിൽ പ്രിയവർഗീസിന് കോടതി നോട്ടീസ് അയച്ചു. ആറാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും എന്നാണ് കോടതി അറിയിച്ചത്. ഹൈക്കോടതി വിധി യുജിസി റെഗുലേഷന് എതിരാണെന്നാണ് അപ്പീലിൽ വ്യക്തമാക്കുന്നത്. യൂജിസി ചട്ടത്തിൽ നിഷ്കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയത്തിൽ പഠനേതര ജോലികൾ കണക്കാക്കാൻ കഴിയില്ലെന്നും അപ്പീലിൽ പറയുന്നു.

Back to top button
error: