കോഴിക്കോട്: പിവി അൻവറിനെതിരായ മിച്ച ഭൂമി കേസിൽ അൻവറിന്റെ കൈവശമുള്ള അധിക ഭൂമിയുടെ കൂടുതൽ തെളിവുകൾ പരാതിക്കാർ ലാൻഡ് ബോർഡിന് കൈമാറി. ഇന്ന് നടന്ന താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് സിറ്റിംഗിലാണ് രേഖകൾ കൈമാറിയത്. 34.37 ഏക്കർ അധിക ഭൂമിയുടെ രേഖകളാണ് കൈമാറിയതെന്ന് വിവരാവകാശ കൂട്ടായ്മ അറിയിച്ചു. ഇതോടെ പരാതിക്കാർ ഇതുവരെ ലാൻഡ് ബോർഡിന് കൈമാറിയത് 46.83 ഏക്കർ ഭൂമിയുടെ രേഖകളാണ്. ലാൻഡ് ബോർഡ് കണ്ടെത്തിയതിന് പുറമേയുള്ള ഭൂമിയുടെ രേഖകളാണ് സമർപ്പിച്ചതെന്ന് പരാതിക്കാർ പറഞ്ഞു.
ലാൻഡ് ബോർഡിൻറെ അന്വേഷണം നടക്കുന്നതിനിടെ കൈവശമുളള അധിക ഭൂമി അൻവറും ഭാര്യയും വിൽപന നടത്തിയതായി പരാതിക്കാർ ആരോപിച്ചു. അൻവറിൻറെ പേരിൽ കൂടരഞ്ഞി വില്ലേജിലുണ്ടായിരുന്ന 90 സെൻറ് ഭൂമി മലപ്പുറം ജില്ലയിലെ ഒരു കരാറുകാരനും ഭാര്യ ഹഫ്സത്തിൻറെ പേരിൽ കൂടരഞ്ഞി വില്ലേജിൽ ഉണ്ടായിരുന്ന 60 സെൻറ് ഭൂമി മലപ്പുറം ഊർങ്ങാട്ടിരിയിലെ മറ്റൊരാൾക്കുമാണ് വിൽപന നടത്തിയത്. ഇതിൻറെ രേഖകൾ ലാൻഡ് ബോർഡിന് കൈമാറിയതായും കെവി ഷാജി പറഞ്ഞു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തിൽ സമർപ്പിച്ച സത്യവാങ്ങ്മൂലം അടിസ്ഥാനമാക്കിയാണ് അൻവർ അധിക ഭൂമി കൈവശം വച്ചിരിക്കുന്നതായുളള പരാതി വിവരാവകാശ പ്രവർത്തകർ ലാൻഡ് ബോർഡിന് മുന്നിൽ കൊണ്ടുവന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അധിക ഭൂമി കണ്ടെത്താനായി ലാൻഡ് ബോർഡ് എല്ലാ ജില്ലാ കളക്ടർമാർക്കും നോട്ടീസ് നൽകിയിരുന്നു. വില്ലേജ് അടിസ്ഥാനത്തിൽ വിവര ശേഖരണം നടത്തുകയും ചെയ്ചു. ഇതിനിടെയാണ് പരിധിയിൽ കവിഞ്ഞ ഭൂമി ഇല്ലെന്ന് സ്ഥാപിക്കാനായി അൻവറും കുടുംബവും ഭൂമി വിൽപന നടത്തിയെന്ന ആരോപണം പരാതിക്കാർ ഉന്നയിക്കുന്നത്. ഇവർ സമർപ്പിക്കുന്ന രേഖകളിൽ അൻവറിൻറെ ഭാഗം കൂടി കേട്ടം ശേഷമാകും ലാൻഡ് ബോർഡിൻറെ തുടർ നടപടികൾ.