പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചറുടെ സംസ്‌കാരം വൈകിട്ട് നാലു മണിക്ക് ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ നടക്കും.
കോവിഡ് പ്രോട്ടോകോൾ പാലിച്ചാവും സംസ്‌കാരം നടത്തുക. ഉച്ചയ്ക്ക് ഒരു മണി മുതൽ അയ്യൻകാളി ഹാളിൽ ടീച്ചറുടെ ഛായാചിത്രത്തിന് മുന്നിൽ പൊതുജനങ്ങൾക്ക് പുഷ്പാഞ്ജലി അർപ്പിക്കാം. ടീച്ചറുടെ കുടുംബാംഗങ്ങൾ അയ്യൻകാളി ഹാളിലുണ്ടാവും.
വൈകിട്ട് 5 മണിക്ക് സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ അയ്യൻകാളി ഹാളിൽ അനുശോചന യോഗം ചേരും.
കോവിഡ് ബാധിതയായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ഇന്നു രാവിലെ 10.52നായിരുന്നു സുഗതകുമാരി ടീച്ചറുടെ അന്ത്യം. ശ്വസനപ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും തകരാര്‍ സംഭവിച്ചിരുന്നു. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലായിരുന്നു.
തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരി ടീച്ചര്‍ ആശുപത്രിയിലെത്തുമ്പോള്‍ ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് പ്രധാന പ്രശ്‌നമായി ഉണ്ടായിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കുകയും തീവ്രപരിചരണത്തില്‍ വെന്റിലേറ്ററിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.