ഇടുക്കി:ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കുഷ്ഠരോഗം പടരുന്നു.കഴിഞ്ഞദിവസം നെടുംകണ്ടം പട്ടം കോളനി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇടുക്കിയിൽ മാത്രം ഒൻപതു കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പട്ടം കോളനി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ ബിഹാര്‍ സ്വദേശിക്കാണ് വിദഗ്ദ്ധ പരിശോധനയില്‍ കുഷ്ഠ രോഗം സ്ഥിരീകരിച്ചത്. ഇയാളോട് അടുത്തിടപഴകിയിരുന്ന ആളുകള്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം കുഴിത്തൊളുവില്‍ 22 കാരിയായ ഇതര സംസ്ഥാന തൊഴിലാളിക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചിരുന്നു. മൂന്നു വര്‍ഷം മുമ്ബ് ഝാര്‍ഖണ്ടില്‍ നിന്നും എത്തിയ ഇവരിപ്പോള്‍ ചികിത്സയിലാണ്.
ഇവര്‍ക്കൊപ്പം രോഗ ലക്ഷണങ്ങളുള്ള മറ്റൊരാളെ കണ്ടെത്തിയിരുന്നെങ്കിലും തുടര്‍ പരിശോധനക്ക് വിധേയമാകാതെ, ഝാര്‍ഖണ്ഡിലേക്ക് കടന്നു. ജില്ലയില്‍ ആകെ ഒൻപത് പേര്‍ക്കാണ് കുഷ്ഠരോഗം ബാധിച്ചത്. ഇതില്‍ ആറു പേരും ഇതര സംസ്ഥാന തൊഴിലാളികളാണ്.പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് തമിഴ്നാട് അതിര്‍ത്തി മേഖലയില്‍ മെഡിക്കല്‍ ക്യാമ്ബുകള്‍ ആരംഭിച്ചിട്ടുണ്ട്.