ന്യൂഡല്‍ഹി: മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയും ചെയ്തതിന്റെ വീഡിയോ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് പുറത്തെത്തിയത് പ്രഥമദൃഷ്ട്യാ നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയതിന് പിന്നാലെയാണ് ഷായുടെ പ്രതികരണം.
മേയ് നാലാം തീയതിയാണ് മണിപ്പുരില്‍ രണ്ട് കുക്കി യുവതികള്‍ക്കു നേരെ അതിക്രമമുണ്ടായത്. എന്നാല്‍, ഇതിന്റെ വീഡിയോ പുറത്തെത്തിയത് കഴിഞ്ഞയാഴ്ചയാണ്. കേസ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയത് കൂടാതെ മണിപ്പുര്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പക്ഷപാതിത്വം ഒഴിവാക്കുന്നതിന്റെ ഭാഗമായാണിതെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
യുവതികളെ നഗ്നരാക്കി നടത്തുന്നതിന്റെ വീഡിയോ ചിത്രീകരിച്ച വ്യക്തിയെ അറസ്റ്റ് ചെയ്തതായും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതായും അമിത് ഷാ പറഞ്ഞു. മണിപ്പുരില്‍ 1990 മുതല്‍ രൂപംകൊണ്ട കുക്കി-മെയ്ത്തി സംഘര്‍ഷത്തെ കുറിച്ചും സംസ്ഥാനത്തെ ഇന്നത്തെ സാഹചര്യത്തെ കുറിച്ചും മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. ആറ് കേസുകള്‍ സി.ബി.ഐയ്ക്ക് കൈമാറിക്കഴിഞ്ഞു. ഒരെണ്ണം കൈമാറാനുള്ള നീക്കത്തിലാണ്. മറ്റ് മൂന്നു കേസുകള്‍ എന്‍.ഐ.എയ്ക്കും കൈമാറിയിട്ടുണ്ട്, ഷാ പറഞ്ഞു.