ഡാന്‍സ് കളിക്കൂ ഫ്രീയായി ഐസ്‌ക്രീം കഴിക്കൂ! ഐസ്‌ക്രീം പ്രേമികള്‍ക്ക് ഓഫറുമായി ബംഗളൂരുവിലെ ഐസ്‌ക്രീം പാര്‍ലര്‍
ഐസ്‌ക്രീം ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. ഏതു പെരുമഴയെത്തും തണുപ്പിലും ഐസ്‌ക്രീം കിട്ടിയാല്‍ സന്തോഷിക്കാത്ത ഐസ്‌ക്രീം പ്രേമികള്‍ ഉണ്ടാകില്ല. അപ്പോള്‍ പിന്നെ ‘സൗജന്യമായി ഐസ്‌ക്രീം തരാം ഒരു ഡാന്‍സ് മാത്രം കളിച്ചാല്‍ മതി’ എന്നൊരു ഓഫര്‍ കൂടി കിട്ടിയാലോ? എത്ര ഡാന്‍സ് അറിയാത്ത വ്യക്തിയാണെങ്കില്‍ പോലും ആനന്ദനടനം ആടുമല്ലേ? ഐസ്‌ക്രീം പ്രേമികള്‍ക്കായി ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു വിരുന്നൊരുക്കിയത് ബംഗളൂരുവിലെ ഒരു ഐസ്‌ക്രീം പാര്‍ലറാണ്. ദേശീയ ഐസ്‌ക്രീം ദിനാചരണത്തോടനുബന്ധിച്ചാണ് ഈ ഐസ്‌ക്രീം പാര്‍ലര്‍ ഉടമകള്‍ ഇത്തരത്തില്‍ മനോഹരമായ ഒരു ആശയം നടപ്പിലാക്കിയത്. ഐസ്‌ക്രീം ആവശ്യമുള്ള ആളുകള്‍ ക്യാഷ് കൗണ്ടറിലെത്തി ‘രണ്ട് ചുവട് നൃത്തം വെച്ചാല്‍ ഒരു സ്‌കൂപ്പ് ഫ്രീ.’ ഇതായിരുന്നു ഐസ്‌ക്രീം പ്രേമികളെ ആകര്‍ഷിച്ച രസകരമായ ഐസ്‌ക്രീം ദിനാഘോഷം.
View this post on Instagram
എല്ലാ വര്‍ഷവും ജൂലൈ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ദേശീയ ഐസ്‌ക്രീം ദിനമായി ആചരിക്കുന്നത്. ഈ വര്‍ഷം ജൂലൈ 16 -നായിരുന്നു ഇത്. ബംഗളൂരുവിലെ ‘കോര്‍ണര്‍ ഹൗസ് ഐസ്‌ക്രീംസ്’ ആണ് പണത്തിന് പകരം ഡാന്‍സ് കളിക്കുന്നവര്‍ക്ക് സൗജന്യമായി ഐസ്‌ക്രീം സ്‌കൂപ്പുകള്‍ വിതരണം ചെയ്ത് ഐസ്‌ക്രീം ദിനാചരണം നടത്തിയത്. തങ്ങളുടെ ഇന്‍സ്റ്റാ പേജിലൂടെ ആയിരുന്നു ഐസ്‌ക്രീം ദിനാചരണത്തിന് മുന്നോടിയായി ഇത്തരത്തില്‍ ഒരു പ്രഖ്യാപനം ഇവര്‍ നടത്തിയത്. സംഗതി ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിയാളുകളാണ് ജൂലൈ 16 -ന് കോര്‍ണര്‍ ഹൗസ് ഐസ്‌ക്രീംസില്‍ എത്തിയത്.
ക്യാഷ് കൗണ്ടറിലെത്തി പണം അടയ്ക്കുന്നതിന് പകരം ഒരു ഡാന്‍സ് കളിക്കണം ഇതായിരുന്നു സൗജന്യമായി ഐസ്‌ക്രീം വേണ്ടവര്‍ക്കായി നല്‍കിയിരുന്ന നിര്‍ദ്ദേശം. ഇങ്ങനെ ഡാന്‍സ് കളിക്കുന്നത് പാര്‍ലറിനുള്ളിലെ സിസിടിവി ക്യാമറകള്‍ ഉപയോഗിച്ച് ചിത്രീകരിച്ച് അവ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ സംഗതി വൈറലായി. ലിംഗപ്രായഭേദമന്യേ കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ തങ്ങളോട് സഹകരിച്ചതില്‍ സന്തോഷമുണ്ടെന്ന് കോര്‍ണര്‍ ഹൗസ് ഐസ്‌ക്രീംസ് പ്രതിനിധികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. ഇനിയും ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നാണ് ഐസ്‌ക്രീം പ്രേമികളായ സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ ഇപ്പോഴത്തെ ആവശ്യം.