CrimeNEWS

നന്മയുള്ള ലോകമേ! കള്ളന് വീട്ടില്‍ ഒളിയിടമൊരുക്കി മറ്റൊരു കള്ളന്‍; ഒടുവില്‍ ഇരുവരും കുടുങ്ങി

പത്തനംതിട്ട: ‘കള്ളന് കഞ്ഞിവച്ചന്‍’ എന്നത് പഴമൊഴി, ‘കള്ളന് ഒളിയിടമൊരുക്കയവന്‍’ എന്നത് പുതുമൊഴി. ഒളിയിടമൊരുക്കിയത് മറ്റൊരു കള്ളനാണെങ്കിലോ? ആകെമൊത്തം ട്വിസ്‌റ്റോടു ടിസ്റ്റ് അല്ലേ? തിരുവല്ല നിരണത്താണ് സംഭവം. കള്ളന് വീട്ടില്‍ ഒളിയിടമൊരുക്കി മറ്റൊരു കള്ളന്‍. ഒടുവില്‍ രണ്ടിനെയും പോലീസ് പൊക്കി. നിരണം കോട്ടാങ്ങല്‍ ജെ.പി. എന്ന് അറിയപ്പെടുന്ന ജയപ്രകാശ് (49), ഇയാള്‍ക്ക് ഒളിത്താവളം ഒരുക്കി നല്‍കിയ ചെങ്ങന്നൂര്‍ പ്രാവിന്‍കൂട് കാവനാല്‍ അജി എബ്രഹാം (55) എന്നിവരെ ആണ് ഞായറാഴ്ച വെളുപ്പിന് പുളിക്കീഴ് പോലീസ് പിടികൂടിയത്. കഴിഞ്ഞ 17-ന് നിരണം എസ്.ബി.ഐക്ക് സമീപമുള്ള വീട്ടില്‍ നടത്തിയ മോഷണശ്രമത്തെ തുടര്‍ന്ന് രജിസ്റ്റര്‍ചെയ്ത കേസിലാണ് അറസ്റ്റ്. അവിടെനിന്നു ലഭിച്ച വിരലടയാളം ആണ് മോഷ്ടാവിനെ കുടുക്കിയത്.

ജയപ്രകാശ്

അജിയുടെ പ്രാവിന്‍കൂട്ടിലെ വീട്ടില്‍ ജയപ്രകാശ് ഒളിവില്‍ കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വീട് വളഞ്ഞാണ് പിടികൂടിയത്. പകല്‍ സമയങ്ങളില്‍ അടച്ചിട്ടിരിക്കുന്ന വീടുകള്‍ നിരീക്ഷിച്ച് രാത്രി എത്തി മോഷണം നടത്തുന്നതാണ് രീതി എന്ന് പോലീസ് പറഞ്ഞു. ജനാലയുടെയും കതകിന്റെയും വാതിലുകള്‍ കുത്തിത്തുറക്കാന്‍ ഉപയോഗിക്കുന്ന ഇരുവശവും വളഞ്ഞ പാര ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഇയാളില്‍നിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Signature-ad

മല്ലപ്പള്ളിയില്‍നിന്നു കഴിഞ്ഞദിവസം മോഷ്ടിച്ച ഒരു സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒട്ടേറെ തവണ ജയില്‍വാസം അനുഭവിച്ചിട്ടുള്ള ജയപ്രകാശിനെതിരേ പുളിക്കീഴ്, തിരുവല്ല, കീഴ്‌വായ്പുര്‍, കോയിപ്രം തുടങ്ങിയ വിവിധ സ്റ്റേഷനുകളില്‍ 40-ഓളം മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

ഇയാള്‍ക്ക് ഒളിത്താവളം നല്‍കിയ അജി എബ്രഹാം റെയില്‍വേയുടെ സാധനസാമഗ്രികള്‍ മോഷ്ടിച്ചതടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ജയപ്രകാശിനെ ഒളിപ്പിച്ചതിന് അജിയെ പ്രതിയാക്കി കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പുളിക്കീഴ്, തിരുവല്ല പോലീസ് സ്റ്റേഷന്‍ പരിധികളില്‍ അടുത്തിടെ നടന്ന ഒട്ടേറെ മോഷണക്കേസുകള്‍ തെളിയിക്കാന്‍ ജയപ്രകാശിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യുന്നതോടെ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Back to top button
error: