KeralaNEWS

വിൽപ്പന കുറവ്;ലോട്ടറി തൊഴിലാളികള്‍ സമരത്തിലേക്ക് 

തിരുവനന്തപുരം:വിറ്റഴിയാത്ത ടിക്കറ്റുകൾ നോക്കി സമ്മാനം നൽകുന്നതുൾപ്പടെ ആകെ താറുമാറായ കേരള സംസ്ഥാന ഭാഗ്യക്കുറി ജനങ്ങൾ കൈവിടുന്നു. ടിക്കറ്റുകള്‍ വില്‍പ്പന നടത്താൻ കഴിയാതെ വന്നതോടെ ലോട്ടറി തൊഴിലാളികളും പ്രതിസന്ധിയില്‍.

സമ്മാനങ്ങളുടെ കുറവും ടിക്കറ്റിന് ഈടാക്കുന്ന അധിക പണവുമാണ് ലോട്ടറി ടിക്കറ്റെടുക്കുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നത്. വില വര്‍ദ്ധിപ്പിച്ച്‌ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റ് വിപണിയിലിറക്കി, സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന തൊഴില്‍ മേഖലയായിട്ടും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ജി.എസ്.ടി ലോട്ടറിക്ക് ഏര്‍പ്പെടുത്തി, ടി.ഡി.എസും, ടി.സി.എസും ഉള്‍പ്പെടെ പല നികുതികളായി ലോട്ടറിയില്‍ നടപ്പിലാക്കി, കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാരുണ്യ ബനവലന്റ് പദ്ധതി നിര്‍ത്തലാക്കി ഇതൊക്കെയാണ് കേരള ലോട്ടറി നേരിടുന്ന പ്രതിസന്ധിയുടെ പ്രധാന കാരണങ്ങള്‍. ഇതോടെ ലോട്ടറി മേഖലയെ ആശ്രയിച്ച്‌ കഴിയുന്ന ഒരു ലക്ഷത്തോളം ചില്ലറ വില്‍പ്പനക്കാരും ഏജന്റുമാരുമെല്ലാം ദുരിതത്തിലായിരിക്കുകയാണ്.

ഉപഭോക്താക്കളെ ആകര്‍ഷിക്കാൻ ലോട്ടറി ടിക്കറ്റിന്റെ മുഖവില കുറയ്‌ക്കണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം. എന്നാല്‍ ഇതിനോട് മുഖം തിരിക്കുന്ന സമീപനമാണ് ലോട്ടറി വകുപ്പിന്റേതെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ പറയുന്നു.

Signature-ad

മഴയും വെയിലും പ്രതികൂല സാഹചര്യങ്ങളും അതിജീവിച്ച്‌ പ്രതിവര്‍ഷം 3000 കോടി രൂപയോളം സര്‍ക്കാരിന് ലാഭമുണ്ടാക്കി നല്‍കുന്ന ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് കഴിഞ്ഞ ആറ് വര്‍ഷമായി ബോണസിലും ക്ഷേമആനുകൂല്യങ്ങളിലും വര്‍ദ്ധനവുണ്ടായിട്ടില്ല. മാത്രമല്ല, ഞായറാഴ്ച തൊഴിലാളികളുടെ അവധി ഇല്ലാതാക്കി.

തൊഴിലാളികളുടേയോ തൊഴില്‍ സംഘടനകളുടേയോ നിര്‍ദ്ദേശങ്ങളോ അഭിപ്രായങ്ങളോ സ്വീകരിക്കാതെ ലോട്ടറി വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ താത്പ്പര്യങ്ങള്‍ക്കനുസരിച്ച്‌ തീരു
മാനങ്ങളെടുക്കാൻ സര്‍ക്കാര്‍ മൗനസമ്മതം കൊടുത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന
കാരണമെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.

ലോട്ടറി ടിക്കറ്റുകളുടെ സമ്മാനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിന്റെ വില 40 രൂപയാക്കി വില ഏകീകരിക്കുക, മറ്റ് ടിക്കറ്റുകളുടെ വില ഏകീകരിക്കുക. 10,000 രൂപയുടെ മേലുള്ള സമ്മാനങ്ങളുടെ ടാക്സ് പിടിക്കാനുള്ള സര്‍ക്കാരിന്റെ നടപടി പിൻവലിക്കുക. ലോട്ടറി ടിക്കറ്റിന്റെ ജി.എസ്.ടി. 28% ത്തില്‍ നിന്നും 12% ശതമാനമായി കുറയ്ക്കുക, ബോണസ് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഓള്‍ കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോട്ടറി വില്‍പ്പന ബഹിഷ്കരിച്ച്‌ ആഗസ്റ്ര് രണ്ടിന് ലോട്ടറി ബന്ദ് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Back to top button
error: