തിരുവനന്തപുരം: യാത്രക്കിടെ ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയേയും സഹോദരിയേയും കൊണ്ടു ബസിന്റെ ഉള്‍വശം കഴുകിച്ച സംഭവത്തില്‍ ഡ്രൈവറെ കെഎസ്ആര്‍ടിസി ജോലിയില്‍ നിന്നു ഒഴിവാക്കി. നെയ്യാറ്റിന്‍കര ഡിപ്പോയിലെ താത്കാലിക ഡ്രൈവര്‍ എസ്എന്‍ ഷിജിയെയാണ് പരാതിയെ തുടര്‍ന്നു ജോലിയില്‍ നിന്നു നീക്കിയത്.
വ്യാഴാഴ്ചയാണ് കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഛര്‍ദിച്ചതിന് പെണ്‍കുട്ടിയേയും സഹോദരിയേയും തടഞ്ഞുവച്ച് ബസ് കഴുകിച്ചത്. വൈകീട്ട് മൂന്നിനു വെള്ളറട ഡിപ്പോയിലായിരുന്നു സംഭവം. ആശുപത്രിയില്‍ പോയി തിരിച്ചുവരികയായിരുന്ന സഹോദരിമാര്‍ക്കാണ് കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്ന് മോശം അനുഭവമുണ്ടായത്.
നെയ്യാറ്റിന്‍കര ഡിപ്പോയിലെ ആര്‍എന്‍സി 105 ാം നമ്പര്‍ ചെമ്പൂര് വെള്ളറട ബസിലാണ് പെണ്‍കുട്ടിയും സഹോദരിയും യാത്ര ചെയ്തിരുന്നത്. ഡ്രൈവറിന്റെ സീറ്റിന് പിന്നിലായാണ് ഇരുവരും ഇരുന്നിരുന്നത്. പല്ലിന് രോ?ഗബാധയുള്ളതിനാല്‍ പെണ്‍കുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിനു മുന്നോടിയായി മരുന്നും കഴിച്ചിരുന്നു. തുടര്‍ന്ന് യാത്രയ്ക്കിടെ പെണ്‍കുട്ടി ഛര്‍ദിക്കുകയായിരുന്നു.
സംഭവം അറിഞ്ഞതു മുതല്‍ ഡ്രൈവര്‍ ഇവരോടു കയര്‍ത്തു സംസാരിച്ചെന്നു പെണ്‍കുട്ടികള്‍ പറഞ്ഞു. വെള്ളറട ഡിപ്പോയില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഇരുവരും ഇറങ്ങുന്നതിനു മുന്‍പു തന്നെ ഡ്രൈവര്‍ പെണ്‍കുട്ടികളോടു ‘വണ്ടി കഴുകിയിട്ടിട്ട് പോയാല്‍ മതി ‘എന്നു പറയുകയായിരുന്നു. തുടര്‍ന്ന് മൂത്ത സഹോദരി വെഹിക്കിള്‍ സൂപ്രണ്ടിന്റെ അടുത്തെത്തി ബക്കറ്റ് ആവശ്യപ്പെട്ടു. സമീപത്തെ വാഷ് ബെയ്സണില്‍ നിന്ന് കപ്പില്‍ വെള്ളം പിടിച്ച് ഇരുവരും ചേര്‍ന്ന് ബസ് കഴുകി വൃത്തിയാക്കുകയായിരുന്നു.
അതിനു ശേഷമാണ് ഇവരെ പോവാന്‍ അനുവദിച്ചത്. കെഎസ്ആര്‍ടിസി ഡ്രൈവറിന്റെ മക്കളാണ് ഇരുവരും. ബസ് വൃത്തിയാക്കാന്‍ ഡിആര്‍എല്‍ സ്റ്റാഫ് ഉള്ളപ്പോഴാണ് ജീവനക്കാര്‍ പെണ്‍കുട്ടികളെ തടഞ്ഞു നിര്‍ത്തി ബസ് കഴുകിച്ചത്.