CrimeNEWS

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ക്വട്ടേഷന്‍ സംഘം പിടിയില്‍; തട്ടിക്കൊണ്ടുപോയത് ജോലി വാഗ്ദാനം ചെയ്തു പണം പിടുങ്ങിയ വിരുതനെ

കണ്ണൂര്‍: ഇരിട്ടി വള്ളിത്തോടില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തില്ലങ്കേരി സ്വദേശികളായ ഏഴംഗ ക്വട്ടേഷന്‍ സംഘം വയനാട് തലപ്പുഴയില്‍ അറസ്റ്റില്‍. വള്ളിത്തോട് നിരങ്ങന്‍ചിറ്റയിലെ പെരിങ്ങളം മേലയില്‍ വീട്ടില്‍ അനില്‍ കുമാറിനെ (43) തട്ടിക്കൊണ്ടുപോയ കേസിലാണ് പ്രതികള്‍ പിടിയിലായത്.

പുന്നാട് താവിലക്കുറ്റിയിലെ സുനില്‍ കുമാര്‍ (34), തില്ലങ്കേരി സ്വദേശി രഞ്ജിത്ത് (34), കീഴൂര്‍ക്കുന്നിലെ സുരേഷ് ബാബു (38), തില്ലങ്കേരിയിലെ വരുണ്‍ (വാവ-30), പടിക്കച്ചാലിലെ നിതിന്‍ (28), മനീഷ് പടിക്കച്ചാല്‍ (29) എന്നിവരും തലപ്പുഴയില്‍ സംഘത്തിന് ഒളിത്താവളം ഒരുക്കിയ മാനന്തവാടിയിലെ പ്രജിന്‍ലാലു (26) മാണ് പിടിയിലായത്. ഇരിട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ അശോകന്‍, സിപിഒമാരായ സുകേഷ്, ഷിജോയ്, പ്രബീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Signature-ad

ചൊവ്വാഴ്ച വൈകിട്ട് സംശയകരമായ സാഹചര്യത്തില്‍ സംഘത്തെ കണ്ട റിസോര്‍ട്ട് ജീവനക്കാര്‍ തലപ്പുഴ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചോദ്യംചെയ്തപ്പോള്‍ ഇരിട്ടി സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇരിട്ടി പോലീസെത്തിയത്. അനില്‍ കുമാറിനെ തട്ടിക്കൊണ്ടുപോയതായി സഹോദരന്‍ അനൂപ് ചൊവ്വാഴ്ച ഇരിട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനംചെയ്ത് നിരവധി പേരില്‍നിന്ന് പണംതട്ടിയതായി അനില്‍കുമാറിനെതിരെ ഇരിട്ടി പോലീസില്‍ കേസുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് അനില്‍ കുമാറിനെ തട്ടിക്കൊണ്ടുപോയതെന്ന് സഹോദരന്റെ പരാതിയില്‍ സൂചനയുണ്ട്.

കൊട്ടിയൂരിലെ യുവാവാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് നിഗമനം. ഇയാള്‍ ഉള്‍പ്പെടെ സംഭവത്തില്‍ മറ്റ് നാലുപേരെ കൂടി കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്. അറസ്റ്റിലായവരില്‍ ചിലര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് ആരോപണമുണ്ട്.

Back to top button
error: