ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസുമായി ബന്ധപ്പെട്ട് സയ്യിദ് സുഹൈല്‍, ഉമര്‍, ജാനിദ്, മുഹ്താസിര്‍, സാഹിദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ബെംഗളൂരു സെൻട്രല്‍ ജയിലില്‍ വച്ച് തടിയന്റവിട നസീര്‍ ഇവരെ തീവ്രവാദപ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും പോലീസ് കമ്മീഷ്ണര്‍ ബി ദയാനന്ദ പറഞ്ഞു.
ഹെബ്ബാളിനടുത്തുള്ള സുല്‍ത്താൻപാളയയിലെ ഒരു വീട്ടില്‍ നിന്നും ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സെൻട്രല്‍ ക്രൈം ബ്രാഞ്ച് സംഘം ഇവരെ പിടികൂടിയത്. ജയിലില്‍ കഴിയുമ്ബോഴാണ് തടിയന്റവിട നസീറുമായി സംഘം ബന്ധം സ്ഥാപിക്കുന്നത്.
10 പേരടങ്ങുന്ന ഭീകരസംഘമാണ് സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നത്. തടിയന്റവിട നസീറായിരുന്നു ആക്രമണത്തിന്റെ സൂത്രധാരന്‍. ബെംഗളൂരു നഗരത്തിലുടനീളം വന്‍ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതി. സംഘത്തിന് ലഷ്കര്‍ ഇ ത്വയിബ ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കി.
നിരവധി ആയുധങ്ങളും സംഘത്തില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ഏഴ് നാടൻ തോക്കുകള്‍, 45 വെടിയുണ്ടകള്‍, കത്തികള്‍, വാക്കി ടോക്കി സെറ്റുകള്‍, 12 മൊബൈലുകള്‍, നിരവധി സിം കാര്‍ഡുകള്‍ എന്നിവയാണ് പ്രധാനമായും പിടിച്ചെടുത്തത്.