തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കെതിരേ ഉയര്‍ത്തപ്പെട്ട ലൈംഗികാരോപണം അടിസ്ഥാന രഹിതമാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍. മാധവന്‍കുട്ടി സാമൂഹികമാധ്യമത്തില്‍ കുറിച്ചു. കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനഃസ്താപങ്ങളില്‍ ഒ.സി., ഉമ്മന്‍ചാണ്ടിയുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ ഭാഗം
കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളില്‍ ഓ.സി, ഉമ്മന്‍ ചാണ്ടിയുണ്ട്.
ഒന്ന്: ‘ശൈലിമാറ്റം’ ‘ഐ.എസ്.ആര്‍.ഒ. ചാരക്കേസ്’ തുടങ്ങിയ വിഷയങ്ങളുപയോഗിച്ച് മുഖ്യമന്ത്രി കരുണാകരനെതിരേ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയ രാഷ്ട്രീയകരുനീക്കങ്ങള്‍ക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ തലവനായ എന്റെ എഴുത്തുമൂലം ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ ഏകപക്ഷീയമായി എഡിറ്റോറിയല്‍ പിന്തുണ അങ്ങേയറ്റം അധാര്‍മികമെന്നു ഞാന്‍ അതിവേഗം തിരിച്ചറിഞ്ഞു. പലരെയുംപോലെ ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു നീന്തുകയായിരുന്നു.
രണ്ട്: ഉമ്മന്‍ചാണ്ടിക്കുനേരെ ഉയര്‍ത്തപ്പെട്ട അടിസ്ഥാനരഹിതമായ ലൈംഗിക ആരോപണത്തിന്, അന്നു ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ നല്‍കിയ അധാര്‍മിക പിന്തുണയില്‍ ഞാനിന്നു ലജ്ജിക്കുന്നു. ഇതു പറയാന്‍ ഒ.സി.യുടെ മരണംവരെ ഞാന്‍ എന്തിനു കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു മറുപടിയേ ഉള്ളൂ. നിങ്ങള്‍ക്ക് മനഃസാക്ഷിയുടെ വിളി എപ്പോഴാണ് കിട്ടുകയെന്നു പറയാനാവില്ല, ക്ഷമിക്കുക. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന്റെയും കോണ്‍ഗ്രസ് യു.ഡി.എഫ്. പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.