തിരുവനന്തപുരം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരം ജഗതിയിലെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസില്‍ എത്തിച്ചു. 2.20-ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വിലാപയാത്രയായാണ് വസതിയിലെത്തിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിലാപയാത്രയെ അനുഗമിച്ചു.
പ്രവര്‍ത്തകരും നേതാക്കളുമായി വലിയ ജനാവലിയാണ് ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി വിലാപയാത്ര കടന്നുപോകുന്ന വഴിയരികില്‍ കാത്തുനിന്നത്. സി.പി.എം. നേതാവ് പി. ജയരാജന്‍ വിലാപയാത്രയ്ക്കിടെ ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. അദ്ദേഹത്തിന് പുഷ്പചക്രം സമര്‍പ്പിക്കാനായി വാഹനവ്യൂഹം അല്‍പസമയം നിര്‍ത്തി.
വലിയ ജനാവലിയായിരുന്നു പുതുപ്പള്ളി ഹൗസിലും ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരുനോക്കുകാണാന്‍ എത്തിയത്. പുതുപ്പള്ളി ഹൗസിലെ പൊതുദര്‍ശനത്തിനുശേഷം വൈകിട്ട് മൂന്നോടെ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ജനങ്ങള്‍ക്ക് കാണാന്‍ അവസരമൊരുക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ഇതിലേറെ വൈകിയാണ് പുതുപ്പള്ളി ഹൗസില്‍ മൃതദേഹം എത്തിക്കാന്‍ സാധിച്ചത്. പ്രിയപ്പെട്ട നേതാവിന് യാത്രാമൊഴിനല്‍കി മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നതോടെ വൈകാരിക നിമിഷങ്ങള്‍ക്കാണ് വിലാപയാത്ര സാക്ഷ്യം വഹിച്ചത്.
പുതുപ്പള്ളി ഹൗസിലേയും ദര്‍ബാര്‍ ഹാളിലേയും പൊതുദര്‍ശനത്തിനുശേഷം പാളയം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ എത്തിക്കും. പിന്നീട് കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനിലും പൊതുദര്‍ശനമുണ്ടാവും.