KeralaNEWS

കോണ്‍​ഗ്രസ് ഭരണത്തിലുള്ള കിഴുവിലം സർവീസ് സഹകരണ ബാങ്കില്‍ 1.62 കോടിയുടെ തട്ടിപ്പ്, ബ്രാഞ്ച് മാനേജർ അറസ്റ്റിൽ

    ചിറയിൻകീഴ് : ഡെപ്പോസിറ്റ് രസീതുകൾ വ്യാജമായി നിർമിച്ച് കോടികൾ തട്ടിയെടുത്ത സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ അറസ്റ്റിൽ. വർഷങ്ങളായി കോൺ​ഗ്രസ് ഭരിക്കുന്ന കിഴുവിലം സർവീസ് സഹകരണ ബാങ്കിലാണ്‌ തട്ടിപ്പ്‌. കൊച്ചാലുംമൂട് ബ്രാഞ്ച് മാനേജർ ഇൻ ചാർജ്‌ ആയി ജോലി ചെയ്തിരുന്ന ചിറയിൻകീഴ് കടയ്ക്കാവൂർ മണ്ണാത്തിമൂല ഗുരുവിഹാർ ‘ഭാഗ്യ’യിൽ സി. അജയകുമാറിനെയാണ് റൂറൽ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. 1,62,08,200 രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇയാളെ ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്ട്രേട്ട്‌ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു.

2022 ഏപ്രിൽ ഒന്നുമുതൽ മുതൽ 2023 മാർച്ച് 31വരെ ബാങ്കിന്റെ പുരവൂർ ബ്രാഞ്ചിലും കൊച്ചാലുമ്മൂട് ബ്രാഞ്ചിലും മാനേജർ ഇൻചാർജ്‌ ആയിരിക്കവെയാണ് തട്ടിപ്പ്. രേഖകളിലും കംപ്യൂട്ടർ സംവിധാനത്തിലും കൃത്രിമം കാണിച്ച് അക്കൗണ്ട് ഹോൾഡർമാരുടെ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റിന്റെ മാതൃകയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് വ്യാജ ഒപ്പുകൾ ഇട്ട് ലോൺ അനുവദിച്ച് ബന്ധുക്കളുടെ പേരിലുള്ള സ്വർണപ്പണയ അക്കൗണ്ടുകളിലേക്ക് തുക മാറ്റുകയായിരുന്നു. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് സെക്രട്ടറി ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ്‌ കേസ് രജിസ്റ്റർ ചെയ്തത്‌. തുടരന്വേഷണത്തിനായി ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. രേഖകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ തിരിമറി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

Signature-ad

ജില്ലാ പൊലീസ് സൂപ്രണ്ട്‌ എം.കെ. സുൽഫിക്കറുടെ നിർദേശപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എസ്. അനിൽകുമാർ, എസ്.ഐ. സുരേഷ് കുമാർ, സത്യരാജ്, നിഖിൽ, ബിനു. ഷിനിലാൽ, ഷിബു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കിഴുവിലം സർവീസ് സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക തിരിമറി അന്വേഷിക്കണമെന്നും ഭരണ സമിതിയുടെ അറിവോടെ നടത്തുന്ന ഇത്തരം നാടപടികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം കൂന്തള്ളൂർ ലോക്കൽ കമ്മിറ്റി സഹകരണ മന്ത്രിക്ക് പരാതി നൽകിയിരുന്നു.

Back to top button
error: